ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബര്‍ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചില്‍ ശിവകാര്‍ത്തികേയന്‍ ബിജു മേനോനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നടന്റെ വാക്കുകള്‍……
‘ചിത്രത്തില്‍ ബിജു മേനോനും അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായി. എല്ലാവരെയും പോലെ ഞാന്‍ അയ്യപ്പനും കോശിയുടെയും ഫാന്‍ ആണ്. അതില്‍ ബിജു മേനോന്‍ സാര്‍ ചെരുപ്പഴിച്ച് വെച്ച് നടന്നു വരുന്ന സീന്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഷൂട്ടില്‍ അദ്ദേഹം നടന്ന് വന്ന് ഹായ് എന്ന് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പറയുമ്പോള്‍ നമ്മുടെ ഉള്ളൊന്ന് കിടുങ്ങും. പക്ഷെ സംസാരിച്ച് തുടങ്ങിയാല്‍ ഒരു ക്യൂട്ട് ബേബി ആണ് അദ്ദേഹം അത്രയും നല്ല മനസാണ് അദ്ദേഹത്തിന്. മദ്രാസി ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് കൊട്ടുകാളി എന്ന എന്റെ നിര്‍മാണത്തില്‍ ഉള്ള സിനിമ പുറത്തിറങ്ങിയത്. കേരളത്തില്‍ എന്ത് പ്രൊമോഷന്‍ വേണമെങ്കിലും ഞാന്‍ വന്ന് ചെയ്ത് തരാം അന്ന് അദ്ദേഹം എന്നോട് വന്ന് പറഞ്ഞു. ഒരു സീനില്‍ വോയ്സ് എങ്ങനെ ഉപയോഗിക്കണമെന്നത് താങ്കളെ കണ്ടാണ് ഞാന്‍ പഠിച്ചത്’.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
















