കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ‘ലോക’ തിയേറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. കല്യാണിക്ക് പുറമേ നസ്ലെനും ചന്തുവുമെല്ലാം സിനിമയില്‍ മികച്ച അഭിനയം കാഴ്ച്ചവെക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ ചന്തു ചെയ്തിരുന്ന കഥാപാത്രത്തിലേക്കാണ് നസ്ലെനെ ആദ്യം കാസറ്റ് ചെയ്തിരുന്നതെന്ന് തുറന്ന് പറയുകയാണ് ഡൊമിനിക് അരുണ്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോമിനിക് ഇക്കാര്യം പറഞ്ഞത്.
ഡോമിനിക് അരുണിന്റെ വാക്കുകള്‍……
‘ഈ പടത്തിന്റെ കഥ നസ്ലെനോട് പറഞ്ഞപ്പോള്‍ വേണു എന്ന ക്യാരക്ടറിലേക്കായിരുന്നു അവനെ പരിഗണിച്ചത്. ഇപ്പോള്‍ ചന്തു ചെയ്ത വേഷം ചെയ്യാന്‍ ആദ്യം നസ്ലെനെയായിരുന്നു ഉദ്ദേശിച്ചത്. സണ്ണി എന്ന ക്യാരക്ടര്‍ ചെയ്യാന്‍ വേറൊരു നടനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അയാള്‍ക്ക് ഡേറ്റില്ലാത്തതുകൊണ്ട് സണ്ണിയുടെ ക്യാരക്ടര്‍ നസ്ലെന്‍ എത്തിയത്. കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ നസ്ലെനോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഒന്നുകില്‍ ഈ റോള്‍, അല്ലെങ്കില്‍ സണ്ണി എന്ന ക്യാരക്ടര്‍ നീ ചെയ്യേണ്ടി വരുമെന്ന്. ആ സമയത്ത് പ്രേമലു റിലീസായിട്ടുണ്ടായിരുന്നില്ല. പിന്നീട് കഥ ഡെവലപ്പായപ്പോഴേക്ക് സണ്ണിയുടെ ക്യാരക്ടര്‍ നസ്ലെന്‍ ചെയ്യാമെന്ന തീരുമാനത്തിലേക്കെത്തി. വേണു എന്ന ക്യാരക്ടര്‍ ആര് ചെയ്യുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് കാസ്റ്റിങ് ഡയറക്ടര്‍ ചന്തുവിന്റെ പേര് പറഞ്ഞത്. അങ്ങനെയാണ് ചന്തു ഈ പടത്തിന്റെ ഭാഗമായത്. അരുണ്‍ കുര്യനും ഇപ്പോള്‍ കാണുന്ന റോളല്ലായിരുന്നു. ഇവരുടെ വീട്ടില്‍ എപ്പോഴും ഇരിക്കുന്ന ‘നോബഡി’ എന്ന ക്യാരക്ടറിലേക്കായിരുന്നു അരുണിനെ ഉദ്ദേശിച്ചത്. പിന്നീടാണ് എല്ലാം മാറിയത്’.
അതേസമയം, ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി ലോക മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. റിലീസ് വീക്കെന്‍ഡ് കളക്ഷനില്‍ ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന നേട്ടമാണ് ഇത്.
സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്.
















