ഒരേസമയം മികച്ച നടനും കർഷകനുമാണ് ജയറാം. ഇപ്പോഴിതാ മികച്ച ക്ഷീര കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി താരം രംഗത്ത് എത്തിയിരിക്കുകയാണ്. നൂറ് ശതമാനവും അർഹതയുണ്ടായതുകൊണ്ടാണ് രണ്ട് തവണയും അവാർഡ് ലഭിച്ചതെന്നും ക്ഷീര കർഷകനാണെന്ന് പറയാൻ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. സർക്കാർ സംഘടിപ്പിച്ച കളമശ്ശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു താരം.
ജയറാം പറയുന്നു:
ഞാനൊരു ക്ഷീര കർഷകനാണെന്ന് പറയാൻ അഭിമാനമുണ്ട്. ഫാം എന്റെയൊരു സ്വകാര്യ സന്തോഷമാണ്. രണ്ട് തവണ എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഒരു സിനിമാ നടനായതുകൊണ്ട് എനിക്ക് കിട്ടിയതല്ലത്. നൂറു ശതമാനം എനിക്ക് അർഹതപ്പെട്ടതാണ്. ഏറ്റവും വൃത്തിയുള്ള ഫാം എന്ന നിലയ്ക്കാണ് 2005ൽ എനിക്ക് അവാർഡ് ലഭിച്ചത്. 2018ലെ വെള്ളപ്പൊക്കത്തിൽ ഫാം നൂറു ശതമാനവും തകർന്നു. പെരിയാറിന്റെ തീരത്തെ ഫാമിലേക്ക് കയറിയ ചെളി നീക്കാൻ മാത്രം നാലോ അഞ്ചോ മാസമെടുത്തു. ഒരുപാട് പശുക്കൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഇനിയിത് വേണോ എന്ന് അന്നാലോചിച്ചിരുന്നു.
മണ്ണിനോടുള്ള അതിയായ സ്നേഹംകൊണ്ട് ഞാൻ ഫാം വീണ്ടും പണിതു, എല്ലാം പഴയപടിയാക്കി. 2022ഓടെ ഫാം ഏറ്റവും മികച്ച ഫാമാക്കിമാറ്റി, വീണ്ടും ലാഭത്തിലെത്തിച്ചു. അതിനാണ് സർക്കാർ എനിക്ക് സംസ്ഥാന അവാർഡ് തന്നത്. വെറുതേ തന്നതല്ല. കഴിഞ്ഞ ആറേഴ് വർഷമായി കേരള സർക്കാർ ഉത്പന്നമായ കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസഡർ ആണ് ഞാൻ. അതും വെറുതേ, സിനിമാ നടൻ എന്നതുകൊണ്ട് ആയതല്ല.
ഞാൻ പശുക്കൾക്ക് ഏറ്റവും കൂടുതൽ കൊടുക്കുന്നത് കേരള ഫീഡ്സാണ്. അന്നത്തെ എംഡിയായ ശ്രീകുമാർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഞാൻ ബ്രാൻഡ് അംബാസഡർ ആയത്. കാലടിയിലെ തോട്ടുവയിലാണ് ജയറാമിന്റെ ആനന്ദ് ഫാം. വിവിധയിനത്തിലുള്ള നിരവധി പശുക്കളാണ് ഇവിടെയുള്ളത്. മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ഫാമിന് ഇട്ടിരിക്കുന്നത്.
content highlight: Actor Jayaram
















