വിഷ്ണു മഞ്ജു നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് സിനിമയാണ് കണ്ണപ്പ. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹന്‍ലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
സെപ്റ്റംബര്‍ 4 ന് ആമസോണ്‍ പ്രൈമിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 43.95 കോടിയാണ്. 200 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടെ പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ശിവ ഭക്തന്റെ അതിശയിപ്പിക്കുന്ന യാത്രയാണ് ‘കണ്ണപ്പ’. ആശീര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.
https://twitter.com/iVishnuManchu/status/1962478343284297809
എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അര്‍പ്പിത് രങ്ക, ബ്രഹ്മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
















