കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ചിത്രത്തിന് തിയേറ്ററില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖറിനോട് സിനിമയുടെ കഥ പറയാന്‍ പോയ അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡൊമിനിക് മനസ്തുറന്നത്.
ഡോമിനിക് അരുണിന്റെ വാക്കുകള്‍…..
‘പല സ്ഥലത്ത് കഥ പറയാന്‍ പോയിരുന്നു. അധികം ആരും നോ പറഞ്ഞിട്ടില്ല. കഥ ഇഷ്ടമായിരുന്നു,പക്ഷെ സിനിമയുടെ ബജറ്റ് സംബന്ധിച്ച കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു എല്ലാര്‍ക്കും. കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണം നടക്കുമ്പോള്‍ ദുല്‍ഖറിനോട് സിനിമ പുരോഗമിക്കുന്നതായി പറഞ്ഞിരുന്നു. എന്തുകൊണ്ട് നമ്മുക്ക് ഈ സിനിമ ചെയ്തൂടാ എന്നാണ് ദുല്‍ഖര്‍ അന്ന് ചോദിച്ചത്. അതിന് ശേഷം ആരോടും കഥ പറഞ്ഞില്ല. ദുല്‍ഖറിനോട് കഥ പറഞ്ഞത് രണ്ട് തവണ ആയിട്ടാണ്. വീട്ടില്‍ പോയാണ് കഥ പറയുന്നത്. ഫസ്റ്റ് ഹാഫ് ശരിക്കും ഈ പടത്തിന്റെ വേള്‍ഡ് ബില്‍ഡിംഗാണല്ലോ. അപ്പോള്‍ പതിയെ ഇതിന്റെ കഥ പറഞ്ഞ് സ്ലോ ബേര്‍ണായി വന്ന് ഇന്റര്‍വെല്ലിലാണ് അതിന്റെ പീക്കിലെത്തുന്നത്. ഇന്റര്‍വെല്‍ വരെ പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും ദുല്‍ഖര്‍ ഓക്കെയായി. പുള്ളിക്ക് ഈ കഥ വര്‍ക്കായി എന്ന് അപ്പോള്‍ എനിക്ക് മനസിലായി. എന്നാല്‍ പിന്നെ ഞാനിനി ഇവിടെ ഇരിക്കണ്ടല്ലോ എന്ന ചിന്ത വന്നു. ദുല്‍ഖര്‍ വല്ലപ്പോഴുമൊക്കെയേ വീട്ടില്‍ വരുള്ളൂ എന്ന് അറിയാം. അപ്പോള്‍ അത് ഞാന്‍ ഇല്ലാതാക്കണ്ട എന്ന് വിചാരിച്ച് അവിടെ നിന്ന് ഇറങ്ങി. തൊട്ടടുത്ത ദിവസമാണ് സെക്കന്റ് ഹാഫ് കഥ കേട്ടത്. ഓര്‍മയുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ദുല്‍ഖറിന് എല്ലാം ഓര്‍മയുണ്ടായിരുന്നു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്നെ പുള്ളി ഓക്കേ ആയിരുന്നു’.
അതേസമയം, ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി ലോക മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. റിലീസ് വീക്കെന്‍ഡ് കളക്ഷനില്‍ ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന നേട്ടമാണ് ഇത്. സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
















