നസ്ലിൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിന് ദുൽഖർ സൽമാൻ നൽകിയ കമന്റ് ആണ് പ്രേക്ഷകരുെട ഇടയിൽ ശ്രദ്ധനേടുന്നത്. ‘ലോക’ സിനിമയുടെ വലിയ വിജയത്തോടനുബന്ധിച്ച് ടൊവിനോയ്ക്കും ദുൽഖറിനും ഒപ്പമുള്ള ചിത്രം നസ്‌ലിൻ പങ്കുവച്ചിരുന്നു.
‘സൂപ്പർസ്റ്റാറുകളുടെ ഇടയിൽ’ എന്ന അടിക്കുറിപ്പോടെയാണ് നസ്‌ലിൻ ആ ചിത്രം പങ്കുവെച്ചത്. നസ്‌ലിന്റെ പോസ്റ്റിന് ‘എടാ സൂപ്പർസ്റ്റാറെ…’ എന്നാണ് ദുൽഖർ കമന്റ് ചെയ്തത്. ലൗവ് ഇമോജിയാണ് മറുപടിയായി നസ്‍ലിൻ നൽകിയത്. കൂടാതെ കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, അരുൺ കുര്യൻ തുടങ്ങിയ താരങ്ങളും കമന്റുമായി എത്തി.
അബുദബിയിൽ നടന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് നസ്‌ലിൻ താരങ്ങൾക്കൊപ്പം ചിത്രമെടുത്തത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു.
ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമെന്നും കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 28ന് തീയറ്ററുകളിൽ എത്തിയ ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’, റിലീസായി നാല് ദിവസങ്ങൾ പിന്നിടുമ്പോൾ കോടികളാണ് വാരുന്നത്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടെ സിനിമയുടെ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്.
സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.
നസ്‌ലിൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്.
സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
















