കൈതി, മാസ്റ്റർ, വിക്രം തുടങ്ങി നിരവധി തമിഴ് സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്ത് ചിത്രം ‘കൂലി’ പക്ഷെ പ്രേക്ഷക സ്വീകാര്യത നേടിയില്ല. ലോകേഷിന്റെ ആദ്യ ചിത്രമായ മാനഗരം, കൈതി എന്നീ സിനിമകൾ മാറ്റി നിർത്തിയാൽ മറ്റെല്ലാ സിനിമകളിലും അനിരുദ്ധ് രവിചന്ദർ ആയിരുന്നു സംഗീതം നൽകിയിരുന്നത്. ഇപ്പോഴിതാ അനിരുദ്ധ് ഇല്ലാതെ ഭാവിയിൽ സിനിമകൾ ചെയ്യില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധയകാൻ ലോകേഷ് കനകരാജ്.
Director #LokeshKanagaraj drops a BIG STATEMENT! 😮
"In future as well, I wouldn't do any films without @anirudhofficial"
— Anirudh FP (@Anirudh_FP) September 1, 2025
അനിരുദ്ധ് ഇൻഡസ്ട്രി വിടുകയാണെങ്കിൽ മാത്രമേ മറ്റ് ഓപ്ഷനുകൾ നോക്കുകയുള്ളൂവെന്നും ലോകേഷ് പറയുന്നു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ലോകേഷിന്റെ വെളിപ്പെടുത്തൽ. അതേസമയം കൈതിയിലെ സാം സി.എസ് ചെയ്ത പശ്ചാത്തല സംഗീതവും സംഗീതവും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കൈതി 2 വരുമ്പോൾ സാം സി.എസ് ചിത്രത്തിന്റെ ഭാഗമാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാൽ ലോകേഷിന്റെ പുതിയ നിലപാട് വന്നതോടുകൂടി വലിയ നിരാശയിലാണ് ആരാധകർ. സാം സി.എസ് ചെയ്തപോലെയോ അതിന് മുകളിലോ ചെയ്യാൻ അനിരുദ്ധിന് കഴിയുമോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.അതേസമയം സമ്മിശ്ര പ്രതികരണങ്ങളോടെ കൂലി പ്രദർശനം തുടരുകയാണ്. രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്.
സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.
















