രണ്ട് വര്‍ഷത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ചിത്രം ‘കാഥികന്‍’ ഒടിടിയിലേക്ക്. 2023 ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘കാഥികന്‍’. ഒരു വര്‍ഷവും ഒന്‍പത് മാസങ്ങളും പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. ചിത്രത്തിൽ മുകേഷ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മനോരമ മാക്സിലൂടെ നാളെയാണ് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം ആരംഭിക്കുക.
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കഥാപ്രസംഗ കലയുടെ പശ്ചാത്തലത്തില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് കാഥികന്‍.കഥാപ്രസംദഗ കലയുടെയും കാഥികരുടെയും പ്രൗഢമായ പഴയ കാലവും ഇപ്പോഴത്തെ അവസ്ഥയും തുറന്നുകാട്ടുന്ന ചിത്രമാണ് ഇത്. പ്രശസ്ത കാഥികന്‍ വി സാംബശിവന്‍റെ വേര്‍പാടിന്‍റെ 27-ാം വര്‍ഷത്തിലാണ് ജയരാജ് ഈ ചിത്രം ഒരുക്കിയത്.
ഒരു ജുവനൈല്‍ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്‍റെ രചനയും ജയരാജിന്‍റേതാണ്. ചന്ദ്രസേനന്‍ എന്ന കാഥികനായി മുകേഷ് എത്തിയ ചിത്രത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. ചെറുപ്രായത്തില്‍ ചെയ്ത തെറ്റിന്‍റെ പേരില്‍ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ കണ്ടെത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിച്ച് നല്ല മനുഷ്യനാക്കി മാറ്റാന്‍ ശ്രമിക്കുന്ന സൂപ്രണ്ടും അതിന് താങ്ങും തണലുമായി നില്‍ക്കുന്ന കാഥികനുമാണ് ഉണ്ണി മുകുന്ദന്‍റെയും മുകേഷിന്‍റെയും കഥാപാത്രങ്ങള്‍.
പുതുമുഖം കൃഷ്ണാനന്ദ് ഗോപു ആണ് ബാലതാരം. അനശ്വര സംഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സലില്‍ ചൗധരിയുടെ മകള്‍ ആന്ദ്രാ ചൗധരി ഒരു ബംഗാളി ഗാനം ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ഗാനരചന വയലാര്‍ ശരത്‍ചന്ദ്ര വര്‍മ്മ, ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിപിന്‍ വിശ്വകര്‍മ്മ. ഡോ. മനോജ് ഗോവിന്ദും ജയരാജും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്.
















