ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍താരമാണ് പവന്‍ കല്യാണ്‍. പവര്‍ സ്റ്റാര്‍ എന്നാണ് താരത്തിനെ തെലുങ്ക് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ആയിരുന്നു. നിരവധി സിനിമാതാരങ്ങളാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ നടന്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസകള്‍ക്ക് പവന്‍ കല്യാണ്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘താങ്കളുടെ ഊഷ്മളമായ ആശംസകള്‍ക്ക് നന്ദി. നിങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഊഷ്മളതയെ ഞാന്‍ എപ്പോഴും ആരാധിച്ചിട്ടുണ്ട് പ്രത്യേകിച്ചും ഓം ശാന്തി ഓശാനയിലെയും പ്രേമത്തിലെയും കഥാപാത്രങ്ങള്‍’, എന്നാണ് പവന്‍ കല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘പിറന്നാള്‍ ആശംസകള്‍. താങ്കള്‍ക്ക് ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ നിങ്ങള്‍ക്ക് ഇനിയും മാറ്റമുണ്ടാക്കാന്‍ കഴിയട്ടെ’, എന്നായിരുന്നു നിവിന്‍ പോളിയുടെ പോസ്റ്റ്.
https://twitter.com/APDeputyCMO/status/1962900675416949117
സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യുന്ന ‘ഒജി’ ആണ് ഇനി പുറത്തിറങ്ങാനുള്ള പവന്‍ കല്യാണ്‍ ചിത്രം. ചിത്രം ഈ വര്‍ഷം സെപ്തംബര്‍ 25 ന് തിയേറ്ററിലെത്തും. വലിയ പ്രതീക്ഷയോടെയാണ് പവന്‍ കല്യാണ്‍ ആരാധകര്‍ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒജിയില്‍ ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി നെഗറ്റീവ് റോളില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയങ്ക മോഹന്‍ ആണ് സിനിമയിലെ നായിക. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന സിനിമയില്‍ പ്രകാശ് രാജും, അര്‍ജുന്‍ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
















