പശ്ചാത്യ ലോകക്രമത്തെ വെല്ലുവിളിച്ചുള്ള വിജയദിന സൈനികപരേഡില്‍ പുത്തന്‍ ആയുധങ്ങള്‍ പുറത്തിറക്കി ചൈന. രണ്ടാംലോകയുദ്ധത്തിനിടെയുണ്ടായ ജാപ്പനീസ് അധിനിവേശത്തിനെതിരേ നടത്തിയ ചെറുത്തുനില്‍പ്പില്‍ വിജയംനേടിയതിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ട് നടത്തിയ പരേഡിലാണ് അത്യാധുനിക ആയുധങ്ങൾ പ്രദർശിപ്പിച്ചത്.
മിസൈലുകള്‍, ഡ്രോണുകള്‍, ലേസറുകള്‍ തുടങ്ങിയ ആയുധങ്ങളാണ് ആദ്യമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ നിന്ന് ഒരുപോലെ വിക്ഷേപിക്കാന്‍ കഴിയുന്ന ആണവശേഷിയുള്ള മിസൈലുകളും ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ദീര്‍ഘദൂര മിസൈലായ ജിംഗ്ലി-1, അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈലായ ജുലാങ്-3, കരയില്‍ നിന്നുള്ള ഭൂഖണ്ഡാന്തര മിസൈലുകളായ ഡോങ്‌ഫെങ്-61, ഡോങ്‌ഫെങ്-31 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സൈനികപരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്നുമുള്‍പ്പെടെ 26-ഓളം രാഷ്ട്രനേതാക്കളാണ് പങ്കെടുത്തിരുന്നത്. പുതിന്‍ കിം എന്നിവരുള്‍പ്പെടെ ഷിയുടെ ക്ഷണിതാക്കള്‍ ചരിത്രപരമായ ടിയാനന്‍മെന്‍ ഗേറ്റില്‍ നിന്ന് പരേഡ് വീക്ഷിച്ചു.
STORY HIGHLIGHT: china military new weapons
















