നവജാത കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഇന്നും എല്ലാവരും പരമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്. ക്ക് മസാജ് ചെയ്യുന്നതും കൈകളും കാലുകളും എണ്ണപുരട്ടി ഉഴിയുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത്തരം രീതികൾ പിന്തുടരുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണകരമാണോ ? ഇത് സംബന്ധിച്ച് ആളുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ശിശുരോഗവിദഗ്ദ്ധയായ ഡോ. സാഞ്ചി റസ്തോഗി.
കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി പഴയ രീതികൾ പിന്തുടരുന്നത് അനാവശ്യവും ദോഷകരവുമാണെന്ന് ഡോ. സാഞ്ചി റസ്തോഗി പറയുന്നു. ഒരു ശിശുരോഗ വിദഗ്ധയും അമ്മയുമായ താൻ ഇവയൊന്നും പിന്തുടർന്നിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അവർ. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഇക്കാര്യം പങ്കുവച്ചത്. കൂടാതെ ശിശുപരിപാലനത്തിന്റെ പേരിൽ ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങളെ കുറിച്ച് കൂടി ഡോ. റസ്തോഗി പങ്കുവയ്ക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
മൂക്ക് മസാജ് ചെയ്യൽ
കുഞ്ഞിന്റെ മൂക്കിന് നല്ല ആകൃതി ലഭിക്കുന്നതിനായി മൂക്ക് മസാജ് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. പേശികളും എല്ലുകളും വളരുന്നതിനനുസരിച്ച് കാലക്രമേണ കുഞ്ഞിന്റെ മുഖഘടനയിൽ മാറ്റം ഉണ്ടാകും. കുഞ്ഞായിരിക്കുമ്പോൾ മസാജ് ചെയ്തതുകൊണ്ട് ഈ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ല.
മുലക്കണ്ണിൽ നിന്ന് പാൽ പിഴിഞ്ഞെടുക്കൽ
മുലക്കണ്ണിൽ നിന്ന് പാൽ പിഴിഞ്ഞെടുക്കാൻ പാടില്ല. അത് മാസ്റ്റൈറ്റിസ് അല്ലെങ്കിൽ സ്തനകലകളിലെ അണുബാധയ്ക്ക് കാരണമാകും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.
മുലയൂട്ടലിന് ശേഷം ചുണ്ടുകൾ തുടക്കൽ
മുലയൂട്ടിയതിന് ശേഷം ചുണ്ടുകൾ തുടയ്ക്കാറുണ്ട് പലരും. കുഞ്ഞിന്റെ ചുണ്ടുകൾ ഇരുണ്ടതാകാൻ ഇടയാക്കും എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇതിൽ ഒരു അടിസ്ഥാനവും ഇല്ലെന്നും മുലയൂട്ടിയതിന് ശേഷം കുഞ്ഞിന്റെ ചുണ്ട് തുടക്കേണ്ട ആവശ്യമില്ലെന്നും ഡോ. റസ്തോഗി പറയുന്നു.
കണ്മഷിയുടെ ഉപയോഗം
കണ്മഷിയിൽ ലെഡ്, കാർബൺ കണികകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ അണുബാധയ്ക്കും കാരണമായേക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നത് ഒഴിവാക്കാം.
6 മാസത്തിന് മുമ്പ് വെള്ളം കൊടുക്കുക
6 മാസം തികയാത്ത കുട്ടികൾക്ക് വെള്ളം നൽകരുത്. മുലപ്പാൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ. ദാഹം ശമിപ്പിക്കാനും കുഞ്ഞിന് ആവശ്യമായ പോഷണം ലഭിക്കാനും മുലപ്പാൽ സഹായിക്കും. ചൂടുകാലത്ത് നിർജ്ജലീകരണം തടയാനുള്ള കഴിവും മുലപ്പാലിലുണ്ട്.
ടാൽക്കം പൗഡറിന്റെ ഉപയോഗം
ടാൽക്കം പൗഡറുകളുടെ ഉപയോഗം ശ്വസന പ്രശ്നങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഇതിന്റെ ഉപയോഗം ഒഴിവാക്കുക.
തേൻ നൽകുന്നത്
ഒരു വയസ് തികയുന്നതിന് മുമ്പ് കുഞ്ഞുങ്ങൾക്ക് തേനോ തേൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളോ കൊടുക്കരുത്. ഇത് കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന ബോട്ടുലിസം എന്ന അണുബാധയ്ക്ക് കാരണമായേക്കാം
















