ഓണം റിലീസായി ആഗസ്റ്റ് 28ന് തീയറ്ററുകളില്‍ എത്തിയ കല്യാണി പ്രിയദര്‍ശന്‍ ചിത്രമാണ് ലോക. ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ഇപ്പോഴിതാ റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ കളക്ഷന്‍ ദിനം പ്രതി ഉയരുകയാണ്. മലയാള സിനിമയില്‍ അതിവേഗത്തില്‍ 150 കോടി നേടിയ സിനിമയുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ലോക ഇപ്പോള്‍. മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആണ് മുന്നില്‍ ഉള്ളത്. വെറും നാല് ദിവസം കൊണ്ട് 150 കോടി എമ്പുരാന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂന്നാം സ്ഥാനവും മോഹന്‍ലാല്‍ ചിത്രം തുടരും ആണ്. പത്ത് ദിവസം കൊണ്ടാണ് ചിത്രം 150 കോടി കളക്ഷന്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് 18 ദിവസം കൊണ്ടും 2018 22 ദിവസം എടുത്താണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ലോകയ്ക്ക് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്‌പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്.

സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്.
















