മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേർന്ന് മകനും നടനുമായ ദുല്‍ഖർ സല്‍മാൻ. സോഷ്യൽ മീഡിയയിൽ ചിത്രത്തിനൊപ്പം വൈകാരികമായ കുറിപ്പും നടൻ പങ്കുവെച്ചു. പ്രാർത്ഥനകൾക്കൊടുവിൽ മഴമേഘങ്ങൾ കീഴടങ്ങി. ലോകമെമ്പാടും ഇളംചൂടും വെളിച്ചവും പരത്തിക്കൊണ്ട് ആ സൂര്യൻ തിരിച്ചെത്തിയിരിക്കുന്നുവെന്നും ദുൽഖർ കുറിച്ചു.
മമ്മൂട്ടിയെ ഇളംചൂടുപകരുന്ന സൂര്യനോടാണ് ദുൽഖർ ഉപമിച്ചിരിക്കുന്നത്. ആ ചൂടില്ലാതെ തങ്ങൾക്ക് അതിജീവിക്കാനാവില്ലെന്ന് അദ്ദേഹം എഴുതി. പകലുകൾ രാത്രികളാണെന്ന് തോന്നിയ ഇരുണ്ട ദിനങ്ങളിൽ പോലും പ്രാർത്ഥിച്ചു.
ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട സൂര്യന്, ചിലപ്പോഴൊക്കെ നീ അതിയായി ശോഭിക്കുമ്പോൾ, മഴമേഘങ്ങൾ നിന്നെ പൊതിയാനായി വരും. നിന്നോടുള്ള അവരുടെ സ്നേഹം അത്ര തീവ്രമായതുകൊണ്ട്, നിന്നോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം അവർ പരീക്ഷിക്കുന്നു. അതുകൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ചു, കാരണം നിന്റെ ചൂടില്ലാതെ ഞങ്ങൾക്ക് അതിജീവിക്കാനാവില്ല.
അകലെയും അരികിലുമുള്ളവരെല്ലാം ഒന്നായി ഞങ്ങൾ പ്രാർത്ഥിച്ചു. പകലുകൾ രാത്രികളാണെന്ന് തോന്നിയ ഇരുണ്ട ദിനങ്ങളിൽ പോലും ഞങ്ങൾ പ്രാർത്ഥിച്ചു. ഒടുവിൽ, ആ പ്രാർത്ഥനകൾ മഴമേഘങ്ങൾക്ക് താങ്ങാവുന്നതിലും അധികമായി. ആ മേഘങ്ങൾ കീഴടങ്ങി. ഇടിമുഴക്കത്തോടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെയും അവ പൊട്ടിത്തെറിച്ചു. നിന്നോടുള്ള അവരുടെ സ്നേഹം മുഴുവൻ ഞങ്ങളുടെ മേൽ ഒരു മഴയായി പെയ്തിറങ്ങി. ഞങ്ങളുടെ കൂട്ടായ പ്രാർത്ഥനകൾക്ക് ഉത്തരമായി. ഇപ്പോൾ ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് ചുറ്റും മഴവില്ലുകളും മഴത്തുള്ളികളുമുണ്ട്. ഞങ്ങൾ സ്നേഹത്താൽ നനഞ്ഞു കുതിർന്നിരിക്കുന്നു. ലോകമെമ്പാടും ഇളംചൂടും വെളിച്ചവും പരത്തിക്കൊണ്ട് ഞങ്ങളുടെ സൂര്യൻ തിരിച്ചെത്തിയിരിക്കുന്നു. .
















