ചർമത്തിന്റെ തിളക്കം കൂട്ടാനും പാടുകൾ പോകാനുമൊക്കെ രക്തചന്ദനം ഉപയോഗിക്കാറുണ്ട്. ഇന്നത്തെ കാലത്ത് വിറ്റാമിൻ സി സിറം, പലതരം ക്രീമുകൾ തുടങ്ങി പലതും മുഖസൗന്ദര്യം നിലനിർത്താനായി ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ പാർശ്വഫലങ്ങൾ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിക്കാറില്ല. എന്നാൽ രക്ത ചന്ദനം പല ചർമ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്. ചുവന്ന നിറത്തിലെ ഈ ചന്ദന പൗഡർ കൊണ്ട് ചർമത്തിന്റെ പല വിധ പ്രശ്നങ്ങൾക്കായുളള പായ്ക്കുകൾ തയ്യാറാക്കാം.
രക്തചന്ദനവും റോസ് വാട്ടറും ഒപ്പം തേൻ, മഞ്ഞൾ എന്നിവ കലർത്തിയും മുഖത്തിനായി പായ്ക്കുണ്ടാക്കാം എല്ലാ ചേരുവകളും ഒരു പാത്രത്തിൽ നന്നായി കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് പ്രശ്നം ബാധിച്ച ഭാഗത്ത് പുരട്ടുക. അത് ഉണങ്ങിയ ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മുഖക്കുരുവിന്റെയും പാടുകളുടെയും ഭേദമാക്കാൻ ഈ മാസ്ക് നിങ്ങളെ സഹായിക്കും. ഇതിന് ഒരു തണുപ്പ് പകരുന്ന ഫലമുണ്ട്.
ചന്ദനപ്പൊടിയും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിൽ തയ്യാറാക്കിയെടുക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കിയ ശേഷം, ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഈ ഫേയ്സ് മാസ്ക് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് അനുയോജ്യമാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ മുറുകുന്നതിനും ചർമ്മത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അധിക സെബം (എണ്ണമയം) നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
പാലിൽ രക്തചന്ദനം അരച്ച് മുഖത്തിടുന്നത് ഏറെ നല്ലതാണ്. മുഖത്തെ പാടുകൾ നീക്കാനും മുഖത്തിന് മൃദുത്വം നൽകാനും ഇതേറെ നല്ലതാണ്. മുഖക്കുരു പാടുകളും ചെറിയ സുഷിരങ്ങളുമെല്ലാം അകറ്റാൻ ഇത് മികച്ച ഫലം നൽകുന്ന ഒന്നു കൂടിയാണ്. പാൽ ചർമത്തിന് ഈർപ്പം നൽകുന്നു. മുഖത്തെ കരുവാളിപ്പ് മാറാനും ഈ കൂട്ട് ഏറെ നല്ലതാണ്. തിളപ്പിയ്ക്കാത്ത പാലാണ് ഇതിന് ഉപയോഗിയ്ക്കാൻ കൂടുതൽ നല്ലത്.
തൈര്, രക്ത ചന്ദനം, പാൽ എന്നിവ കലർത്തിയ പായ്ക്കും മുഖത്തിന് ഏറെ ഗുണകരമാണ്. ഒരു ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി, പാൽ, തൈര് എന്നിവ ചേർത്ത് ഇളക്കുക. ഒരു നുള്ള് മഞ്ഞൾ കൂടെ ചേർത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച് ഉണങ്ങാൻ അനുവദിക്കണം.
ഇനി സാധാരണ വെള്ളത്തിൽ കഴുകി, മുഖം തുടയ്ക്കുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പ്രതിവിധി ഉപയോഗിക്കുക.ചർമ്മത്തിലെ പാടുകളും നിറവ്യത്യാസവും ഒഴിവാക്കാൻ ഈ ഫേയ്സ് പായ്ക്ക് സഹായിക്കും.
















