കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോക. ആഗോള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ചിത്രം മുന്നേറുകയാണ് . സിനിമയിലെ കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കല്യാണിയെ സജസ്റ്റ് ചെയ്തത് ദുല്‍ഖര്‍ ആണെന്ന് പറയുകയാണ് സിനിമയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.
ഡൊമിനിക് അരുണിന്റെ വാക്കുകള്‍….
‘ഒരുപാട് ഓപ്ഷന്‍സിലൂടെ പോയിട്ടാണ് കല്യാണിയിലേക്ക് എത്തുന്നത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടാണ് കല്യാണിയെ കാസ്റ്റ് ചെയ്യുന്നത്. നമ്മുടെ ഒക്കെ ആഗ്രഹം ഇവരെല്ലാവരും വരിക എന്നുള്ളതാണല്ലോ. കാസ്റ്റിങ് ഒന്നുരണ്ടെണ്ണം മാറിയപ്പോള്‍ എനിക്ക് മനസിലായി ഇത് കല്യാണിക്ക് മാത്രം ചെയ്യാന്‍ പറ്റുന്നതാണെന്ന്. കല്യാണി ഇതിന് മുമ്പ് ട്രൈ ചെയ്തിട്ടില്ല. പക്ഷെ, അവള്‍ക്ക് ആക്ഷന്‍ ചെയ്യാന്‍ സാധിക്കും. ഈ കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കല്യാണിക്ക് പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് ഉണ്ടായ ഇതേ ഫീലിംഗ് ദുല്‍ഖറിനും ഉണ്ടായിരുന്നു. എന്തുകൊണ്ട് കല്യാണി ആയിക്കൂടാ എന്ന് ചോദിച്ചത് ആദ്യം ദുല്‍ഖര്‍ ആണ്.
കല്യാണിയോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് കഥ ഇഷ്ടമായി എന്ന് എനിക്ക് മനസിലായി, പക്ഷെ ഞാന്‍ ആരാണെന്ന് അവര്‍ക്ക് അറിയില്ല. ഞാന്‍ കഥ പറഞ്ഞു ഇറങ്ങിയപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു ഒന്ന് വായിക്കാന്‍ തരുമോ എന്ന് ചോദിച്ചു. ഞാന്‍ കഥ കൊടുത്ത് വണ്ടി എടുത്ത് പോകുമ്പോള്‍ ടൊവിനോ എന്നെ വിളിക്കുന്നു നീ കല്യാണിയോട് കഥ പറഞ്ഞോ എന്ന് ചോദിച്ചു. നീ എങ്ങന്യാ ആളെന്ന അറിയാന്‍ വിളിച്ചതാണ് കല്യാണി തന്നെ എന്ന് ടൊവിനോ പറഞ്ഞു. അതിന് ശേഷം ബേസിലും അഖില്‍ സത്യനും വിളിച്ചു. അപ്പോള്‍ എനിക്ക് മനസില്‍ ആയി കല്യാണിക്ക് എന്നെ അറിയില്ലെന്ന്’.
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്‌പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.
















