ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായകനാണ് അര്‍ജിത് സിങ്. വെള്ളിയാഴ്ച ലണ്ടനിലെ ടോട്ടൻഹാം ഹോട്‌സ്പർ സ്റ്റേഡിയത്തിൽ നടന്ന സംഗീതപരിപാടിക്കിടെ വൈദ്യുതി വിച്ഛേദിച്ച് അധികൃതര്‍. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആണ്.
രാത്രി 10:30-ന് അവസാനിക്കുന്ന രീതിയിലായിരുന്നു പരിപാടി തീരുമാനിച്ചത്. എന്നാല്‍ തീരുമാനിച്ച സമയത്തില്‍ നിന്നും ഷോ നീണ്ടുപോയതിനാല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ തന്നെ അധികൃതര്‍ പരിപാടിക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അര്‍ജിത് സിങ് ആവേശത്തോടെ ‘സയ്യാര’ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നതും ജനങ്ങള്‍ കൂടെ പാടുന്നതും കാണാം. ഇതിനിടെയാണ് വൈദ്യുതി നിലയ്ക്കുന്നതും. ആളുകള്‍ വേദിയില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നതും കാണാന്‍ സാധിക്കും.
@whatup എന്ന ഇന്‍സ്റ്റഗ്രാം പേജ് സംഭവത്തിനാസ്പദമായ വീഡിയോ പങ്കുവെക്കുകയും ആരാധകരോട് യാത്ര പോലും പറയാന്‍ സമ്മതിക്കാതെയാണ് അര്‍ജിതിന് പരിപാടി അവസാനിപ്പിക്കേണ്ടി വന്നത് എന്നും കുറിച്ചു. വീഡിയോ കണ്ടതിന് ശേഷം ആളുകള്‍ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തി. അധികൃതരുടെ ഇടപെടല്‍ ചില ആരാധകര്‍ കുറ്റപ്പെടുത്തിയെങ്കിലും നടപടിക്ക് പ്രശംസയുമായി എത്തിയവരും കുറവല്ല. നിയമം നിയമമാണെന്നും ഇത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ ഇന്ത്യയിലും വേണമെന്നാണ് ചിലരുടെ അഭിപ്രായം. ശബ്ദ മലിനീകരണത്തെ ഗൗരവമായി എടുക്കുന്ന രാജ്യമാണ് യു.കെ. അര്‍ജിത് സിങ് കൃത്യസമയത്ത് എത്താത്തത് കാരണമാണ് പരിപാടി വൈകിയത് എന്നും പ്രതികരണങ്ങളുണ്ട്. 2023-ല്‍ മുംബൈയില്‍ വെച്ച് നടന്ന സംഗീത പരിപാടിയില്‍ എ. ആര്‍ റഹ്‌മാനും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.ജൂണില്‍ എഡ് ഷീരനുമൊത്ത് അര്‍ജിത് സിങ് പാടിയ സഫയര്‍ എന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
















