മലയാളത്തിന്റെ മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളായിരുന്നു ഞായറാഴ്ച. നിരവധി സിനിമാ താരങ്ങളാണ് നടന് ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ യുവനടൻ അരുൺ കുര്യൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും കുറിപ്പും ഏറെ ശ്രദ്ധ നേടുകയാണ്. നടനെ ആദ്യമായി കണ്ട നിമിഷത്തേക്കുറിച്ചാണ് അരുൺ കുര്യൻ കുറിച്ചത്.
“ഞാൻ: ഞാൻ ആദ്യമായിട്ടാ സാറിനെ കാണുന്നേ
സാർ: (അദ്ദേഹത്തിന്റെ കർക്കശമായ സ്വരത്തിൽ) എന്നിട്ട്, എങ്ങനെയുണ്ട്? കൊള്ളാവോ?
ഞങ്ങൾ ഒരുപാട് ചിരിച്ചു. ഞങ്ങളുടെ സുപ്രീം പവറിന്, മൂത്തോന് പിറന്നാളാശംസകൾ. മമ്മൂട്ടി സാറിന് പിറന്നാളാശംസകൾ നേരുന്നു. ലോകയെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി.” അരുൺ കുര്യന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും അരുൺ കുര്യൻ രസകരമായ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നടൻ ചന്ദു സലിംകുമാറിനേയും ഈ ചിത്രത്തിൽ കാണാം. ലോക എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർക്കൊപ്പം സുപ്രധാന വേഷങ്ങളിൽ അരുണും ചന്ദുവും ഉണ്ട്.
അതേസമയം തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ ചിത്രമായി ‘ലോക’ മാറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന 12-ാമത്തെ മലയാളം സിനിമയുമാണ് ‘ലോക’. തെന്നിന്ത്യയില്‍ തന്നെ നായികാപ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന നേട്ടവും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ‘ലോക’ എന്ന സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ് ‘ചന്ദ്ര’.
















