അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് താൽക്കാലികമായി മദ്രാസ് ഹൈകോടതി വിലക്കേർപ്പെടുത്തി. ഗാനം ഒ.ടി.ടിയില്‍പ്പോലും പ്രദര്‍ശിപ്പിക്കരുത് എന്നാണ് നിർദ്ദേശം. ജസ്റ്റിസ് എൻ. സെന്തിൽകുമാറാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ചിത്രത്തിൽ തന്‍റെ ഗാനങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്ന സംഗീതസംവിധായകന്‍ ഇളയരാജയുടെ ഹർജിയിലാണ് നടപടി. ഇളയരാജയുടെ പാട്ടുകളോടുകൂടിയ ചിത്രം ഒ.ടി.ടിയില്‍പ്പോലും പ്രദര്‍ശിപ്പിക്കരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നിര്‍മാണക്കമ്പനിയുടെ വിശദീകരണം അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചിരിക്കുന്നത് തന്റെ വ്യക്തമായ അനുമതി വാങ്ങാതെയും നിയമപരമായി അവകാശപ്പെട്ട റോയൽറ്റി നൽകാതെയുമാണെന്ന് ഇളയരാജ വാദിച്ചിരുന്നു.
അഞ്ച് കോടി നഷ്ടപരിഹാരം നൽകുകയും ഗാനങ്ങൾ സിനിമയിൽനിന്ന് നീക്കം ചെയ്യുകയും വേണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ നോട്ടീസ് അയച്ചിരുന്നു. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നഷ്ടപരിഹാരമായി അഞ്ച് കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നുമായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു. മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലും തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞ് ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.
എന്നാൽ ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സ്റ്റുഡിയോ, വ്യക്തികള്‍, നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയായ ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
















