മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സാമ്രാജ്യം’ റീ റിലീസിന് ഒരുങ്ങുകയാണ്. 4k ഡോള്‍ബി അറ്റ്‌മോസിലാണ് സിനിമ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്നത്. സിനിമയുടെ പുതിയ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വ്യാപക ട്രോളുകളാണ് ടീസറിന് ലഭിക്കുന്നത്.
ചിത്രത്തിന്റെ ക്വാളിറ്റിയെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകള്‍ ഉയരുന്നത്. 4k റീമാസ്റ്റര്‍ പ്രിന്റ് എന്നതരത്തില്‍ പുറത്തുവിട്ട ടീസറിന് 720p യുടെ ക്വാളിറ്റി പോലുമില്ല എന്നാണ് പലരും കുറിക്കുന്നത്. ‘ഈ പ്രിന്റ് മൊബൈലിന് ഓക്കെയാണ്’, ‘ഭാവന സ്റ്റുഡിയോസിലെ മഹേഷേട്ടന്‍ ആണോ 4k യിലേക്ക് കണ്‍വേര്‍ട്ട് ചെയ്തത്’, ‘ഇത് എവിടത്തെ 4k ആണ്’ എന്നിങ്ങനെയാണ് ടീസറിന് താഴെവരുന്ന കമന്റുകള്‍. നേരത്തെ മമ്മൂട്ടി ചിത്രമായ ആവനാഴി റീ റിലീസ് ചെയ്തപ്പോഴും ക്വാളിറ്റിയെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
4K പറഞ്ഞിട്ട് 360p പോലും ഇല്ലാലോ ഇത് 🥴#Samrajyam4khttps://t.co/NoBROGafvi
— പാബ്ലോ ഋഷ്ണൻ 😔 (@kimmu____) September 7, 2025
ഇതാണോ 4K 😒🙏#Mammootty | #Samrajyam4K pic.twitter.com/ZhWzkEY554
— All Hail The King 👑 (@HardworkNever) September 7, 2025
ആരിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവര്‍ത്തിയാണ്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് ‘സാമ്രാജ്യം’ പ്രദര്‍ശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ നിര്‍മ്മാണ ചിലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്‌റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ ഒതുങ്ങി നില്‍ക്കാതെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നൂറും ഇരുനൂറും ദിവസങ്ങള്‍ ചിത്രം തകര്‍ത്തോടിയിരുന്നു.
മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റന്‍ രാജു, അശോകന്‍, വിജയരാഘവന്‍, ശ്രീവിദ്യ, സോണിയ, സത്താര്‍, ജഗന്നാഥ വര്‍മ്മ, സാദിഖ്, സി ഐ പോള്‍, ബാലന്‍ കെ നായര്‍, പ്രതാപചന്ദ്രന്‍, ജഗന്നാഥന്‍, ഭീമന്‍ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
















