ബോളിവുഡ് നടൻ സൽമാൻ ഖാനെയും അദ്ദേഹത്തിന്റെ കുടുംബത്തേയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ അഭിനവ് കശ്യപ്. 2010-ൽ പുറത്തിറങ്ങിയ സൽമാൻ ഖാന്‍റെ ഹിറ്റ് ചിത്രമായ ദബാങ്ങിന്‍റെ സംവിധായകനാണ് അഭിനവ്. സൽമാൻ ഒരു ഗുണ്ടയാണെന്നും അദ്ദേഹത്തിന്റെ കുടുംബം പ്രതികാരബുദ്ധിയുള്ളവരാ ണെന്നുമാണ് അഭിനവ് കശ്യപ് ആരോപിക്കുന്നത്.
സൽമാന് അഭിനയത്തിൽ താൽപ്പര്യമില്ലെന്നും കഴിഞ്ഞ 25 വർഷമായി അദ്ദേഹം അഭിനയത്തിലില്ലെന്നും അഭിനവ് കൂട്ടിച്ചേർത്തു.’സൽമാന് അഭിനയത്തിൽ പോലും താൽപ്പര്യമില്ല, കഴിഞ്ഞ 25 വർഷമായി അദ്ദേഹം അതിൽ ഉൾപ്പെട്ടിട്ടില്ല. ജോലിക്ക് വരുന്നത് തന്നെ ഉപകാരം ചെയ്യുന്നത് പോലെ. ഒരു സെലിബ്രിറ്റിയാകാൻ അദ്ദേഹത്തിന് കൂടുതൽ താൽപ്പര്യമുണ്ട്, പക്ഷേ അഭിനയത്തിൽ താൽപ്പര്യമില്ല. അയാൾ ഒരു ഗുണ്ട ആണ്. ദബാങ്ങിന് മുമ്പ് എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. സൽമാൻ മോശം പെരുമാറ്റമുള്ള വ്യക്തിയാണ്’ -അദ്ദേഹം പറഞ്ഞു.
50 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സിനിമ കുടുംബത്തിൽ നിന്നുള്ളയാളാണ് സൽമാനെന്ന് അഭിനവ് പറഞ്ഞു. അദ്ദേഹം ആ പ്രക്രിയ തുടരുന്നു. അവർ പ്രതികാരബുദ്ധിയുള്ള ആളുകളാണ്. അവർ മുഴുവൻ പ്രക്രിയയും നിയന്ത്രിക്കുന്നു. നിങ്ങൾ അവരോട് യോജിക്കുന്നില്ലെങ്കിൽ, അവർ നിങ്ങളെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എ.ആർ. മുരുഗദോസിന്റെ ആക്ഷൻ ഡ്രാമയായ സിക്കന്ദറിലാണ് സൽമാൻ അവസാനമായി അഭിനയിച്ചത്. സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരന്നത്. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നില്ല എന്ന് മുരുഗദോസും പറഞ്ഞിരുന്നു. സൽമാൻ രാത്രി എട്ടിനാണ് സെറ്റിൽ എത്തുന്നത്. അതിനാൽ പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും. അതിരാവിലെ മുതൽ ഷൂട്ട് ചെയ്യുന്ന ശീലമുണ്ട്. എന്നാൽ, അവിടെ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ. ഇത് സെറ്റിലെ മറ്റ് അഭിനേതാക്കളേയും ബാധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
















