ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാര്‍ത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നായകനൊപ്പം പ്രശംസ നേടുകയാണ് വിദ്യുത് ജംവാല്‍ അവതരിപ്പിച്ച വിരാട് എന്ന വില്ലന്‍ കഥാപാത്രവും.
നായകനെക്കാള്‍ വലിയ ഇന്‍ട്രോയും ബില്‍ഡപ്പുമാണ് സംവിധായകന്‍ വിദ്യുതിന് നല്‍കിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമാണ് കമന്റുകള്‍. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികള്‍ വരവേല്‍ക്കുന്നത്. വിദ്യുതിന്റെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങള്‍.
https://twitter.com/jammypants4/status/1964954372481363983
വിജയ് ചിത്രമായ തുപ്പാക്കിക്ക് ശേഷം എ ആര്‍ മുരുഗദോസുമായി വിദ്യുത് വീണ്ടുമൊന്നിച്ച സിനിമയാണ് മദ്രാസി. അതേസമയം, നിരവധി പരാജയങ്ങള്‍ക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങള്‍. സിനിമയിലെ ആക്ഷന്‍ രംഗങ്ങളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും മികച്ചു നില്‍ക്കുന്നെന്നാണ് പലരും എക്‌സില്‍ കുറിക്കുന്നത്.
ചിത്രം ഇതിനോടകം 50 കോടി ക്ലബില്‍ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്.
















