വിവാഹിതയാവാതെ ഐവിഎഫ് വഴി ഗർഭം ധരിച്ച കന്നഡ താരം ഭാവന രാമണ്ണ പ്രസവിച്ചു. ഇരട്ട കുട്ടികൾ ആയിരുന്നു. എന്നാൽ അതിൽ ഒരു കുഞ്ഞ് പ്രസവത്തോടെ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പെൺകുഞ്ഞുങ്ങൾ ആയിരുന്നു ഭാവനയ്ക്ക് ജനിച്ചത്. ഓഗസ്റ്റ് അവസാനത്തോടെയാണ് ഭാവന കുഞ്ഞുങ്ങൾ പിറന്നത്.
ഏഴാം മാസം ഭാവനയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതായാണ് റിപ്പോർട്ട്. കുഞ്ഞുങ്ങളിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി പരിശോധനയിൽ തെളിഞ്ഞിരുന്നു. എട്ടാം മാസമാണ് ഭാവന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. എന്നാൽ ഒരു കുഞ്ഞിന് മാത്രമേ ജീവിതത്തിലേക്ക് കണ്ണ് തുറക്കാനുയുള്ളൂ. അതേസമയം ഭാവനയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
വിവാഹിതയാകാതെ, ഐവിഎഫ് ചികിത്സ വഴി ഗർഭം ധരിച്ച വിവരം ഭാവന തന്നെയാണ് സമൂഹമാധ്യമം വഴി അറിയിച്ചത്. ഇരട്ട കുട്ടികളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് ആരാധകരെ ഞെട്ടിച്ച വിവരം താരം അന്ന് പങ്കുവച്ചത്. അവിവാഹിത ആയതിനാൽ പല ക്ലിനിക്കുകളും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തെന്നും ഭാവന പറഞ്ഞു. ‘എന്റെ മക്കൾക്ക് അച്ഛൻ ഇല്ലായിരിക്കാം! പക്ഷേ കലയും സംഗീതവും സംസ്കാരവും നിരുപാധികമായ സ്നേഹവും നിറഞ്ഞ ഒരു വീട്ടിൽ അവർ വളരും. അവർ സ്വന്തം വേരുകളോർത്ത് അഭിമാനിക്കുന്നവരാകും!’– ഭാവനയുടെ വാക്കുകൾ. പരമ്പരാഗത രീതികളെ പൊളിച്ചുകൊണ്ടുള്ള താരത്തിന്റെ തീരുമാനം വലിയ ചർച്ചയായിരുന്നു.
















