ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷമായി പ്രതികരിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ഏതെങ്കിലും ഒരു ജൂറി കണ്ട് മാർക്കിടാനല്ല സിനിമയെടുക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആത്യന്തികമായി സിനിമയെടുക്കുന്നത് പ്രേക്ഷകർക്കുവേണ്ടിയാണെന്നും പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. തീർച്ചയായും അതൊക്കെ നല്ലതുതന്നെയാണ്. അതിന് അതിന്റേതായ ഗുണങ്ങളുമുണ്ടാകും. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആത്യന്തികമായി സിനിമ എടുക്കുന്നതു പ്രേക്ഷകർക്ക് വേണ്ടിയാണ്. പ്രേക്ഷകർ തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കുന്നതിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അപ്പോൾ ആ സിനിമ കാണുന്നതിലൂടെ പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. ആടുജീവിതം വളരെ സ്പെഷ്യലായ സിനിമയാണ്.’ പൃഥ്വിരാജിന്റെ വാക്കുകൾ.
ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 14 കാറ്റഗറിയിൽ മത്സരിച്ച ആടുജീവിതത്തിന് ഒരു പുരസ്കാരവും കിട്ടിയിരുന്നില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മികച്ച നടൻ, സംവിധായകൻ, ഛായാഗ്രാഹകൻ തുടങ്ങിയ തുടങ്ങിയ വിഭാഗങ്ങളിൽ ആടുജീവിതത്തിന് പുരസ്കാരത്തിന് അർഹതയുണ്ടായിരുന്നെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ രംഗങ്ങളുടെ ചെറുക്ലിപ്പുകളും വ്യാപകമായി പ്രചരിച്ചിരുന്നു.അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഒൻപത് അവാർഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയത്. ബ്ലെസിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. എ.ആർ. റഹ്മാനായിരുന്നു സംഗീതസംവിധായകൻ.
















