മോഹന്‍ലാലും സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ ഓഗസ്റ്റ് 28ന് പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടിയത്. ഓണം കഴിഞ്ഞുള്ള ആദ്യ പ്രവര്‍ത്തി ദിനത്തിലും അത് തുടരുന്നു എന്നതിനെ അത്ഭുതത്തോടെയാണ് ട്രാക്കര്‍മാര്‍ നോക്കിക്കാണുന്നത്.
സിനിമകള്‍ക്ക് തിയറ്ററുകളില്‍ ഏറ്റവും കളക്ഷന്‍ കുറയാറുള്ള ദിവസം തിങ്കളാഴ്ചയാണ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷം വരുന്ന ആദ്യ പ്രവര്‍ത്തി ദിനം എന്നതാണ് ഇതിന് കാരണം. അതിനാല്‍ത്തന്നെ തിങ്കളാഴ്ച ഒരു ചിത്രം നേടുന്ന കളക്ഷന്‍ എത്ര എന്നത് ഇന്‍ഡസ്ട്രി സാകൂതം നിരീക്ഷിക്കാറുണ്ട്. തിങ്കളാഴ്ച ഒരു ചിത്രം മികച്ച കളക്ഷന്‍ നേടിയാല്‍ അത് ജനപ്രീതി ഉറപ്പിച്ചു എന്നാണ് വിലയിരുത്തേണ്ടത്. ഇപ്പോഴിതാ റിലീസ് ചെയ്തതിന് ഇപ്പുറമുള്ള രണ്ടാമത്തെ തിങ്കളാഴ്ചയും ഹൃദയപൂര്‍വ്വം മികച്ച പ്രതികരണമാണ് ബോക്‌സ് ഓഫീസില്‍ നേടുന്നത്.
ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്റെ കണക്ക് പ്രകാരം അവര്‍ ട്രാക്ക് ചെയ്ത കേരളത്തിലെ 932 ഷോകളില്‍ നിന്ന് ഹൃദയപൂര്‍വ്വത്തിന്റേതായി വിറ്റുപോയത് 73,000 ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് വന്ന കളക്ഷന്‍ 1.15 കോടിയും. രാത്രി 7.20 വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. ഇതേ സമയത്ത് റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ചിത്രം കേരളത്തില്‍ നിന്ന് നേടിയിരുന്നത് 1.47 കോടി ആയിരുന്നെന്നും വാട്ട് ദി ഫസ് അറിയിക്കുന്നു. അതേസമയം ഇന്നത്തെ ലേറ്റ് നൈറ്റ് ഷോകള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ ചിത്രം കേരളത്തില്‍ നിന്ന് ഒന്നര കോടി നേടുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
അതേസമയം ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഹൃദയപൂര്‍വ്വം കേരളത്തില്‍ നിന്ന് നേടിയത് 29.50 കോടിയാണ്. ഇന്നത്തേത് കൂടി ചേര്‍ക്കുമ്പോള്‍ അത് 31 കോടിയില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപും മാളവിക മോഹനനും സംഗീതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
















