അഭിനയജീവിതത്തിൽ നടൻ സൗബിൻ ഷാഹിറിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചെയ്തതെല്ലാം തൊട്ടതെല്ലാം പൊന്നാക്കിയപ്പോലെ ആയിരുന്നു മുന്നേറ്റം. ഇപ്പോഴിതാ താരത്തിന്റെ അഭിനയ മികവിനെ പ്രശംസിച്ച് നടൻ പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ച പാണ്ടിപ്പടയിൽ സൗബിൻ സഹസംവിധായകനായിരുന്നെന്നും താരം ഓർത്തെടുത്തു. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
പ്രകാശ് രാജ് പറയുന്നു:
ഒരുപാട് വർഷം മുമ്പ് ഞാൻ മലയാളത്തിൽ പാണ്ടിപ്പട എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഞാൻ ആ സിനിമയിൽ വില്ലൻ വേഷമാണ് ചെയ്തിരുന്നത്. അന്ന് ആ പടത്തിൽ സൗബിൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്നേ സിനിമയോടുള്ള അയാളുടെ പാഷൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായി അയാൾ മാറിയിരിക്കുകയാണ്. ഏത് തരം വേഷവും ചെയ്യാൻ കഴിയുന്ന ആർട്ടിസ്റ്റുകൾ ധാരാളമായി ഉള്ള ഇൻഡസ്ട്രിയാണ് മലയാളം.
മലയാളത്തിലെ പല ആർട്ടിസ്റ്റുകളും ക്യാരക്ടർ റോൾ ചെയ്യുമ്പോൾ അതിനെ വേറെ ലെവലിലെത്തിക്കാറുണ്ട്. പലരും ഈയടുത്ത് മാത്രമായിരിക്കും മലയാളസിനിമകൾ കണ്ടുതുടങ്ങിയിട്ടുണ്ടാവുക. ഞാൻ പണ്ടുമുതലേ മലയാളത്തിലെ സിനിമകളെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലെല്ലാം നമ്മളെ ഞെട്ടിക്കുന്ന പല ആർട്ടിസ്റ്റുകളുമുണ്ട്. സൗബിന്റെ കാര്യമെടുത്താൽ അയാൾ ആദ്യകാലം മുതൽ തെരഞ്ഞെടുക്കുന്ന റോളുകളെല്ലാം ഗംഭീരമാണ്. ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന ഇന്റൻസിറ്റിയെല്ലാം എടുത്തു പറയേണ്ടതാണ്.
ഇപ്പോൾ മോണിക്ക എന്ന പാട്ടിൽ അയാളുടെ ഡാൻസ് മാത്രമേ എല്ലാവരും ശ്രദ്ധിക്കുള്ളൂ. എന്നാൽ ആ പടത്തിൽ അയാൾ ആ കഥാപാത്രത്തിന് കൊടുക്കുന്ന ഇന്റൻസിറ്റി അപാരമാണ്. ഞാന് അയാളുടെ ഫാനായി മാറി.
content highlight: Soubin Shahir
















