ഗാസ സിറ്റിയിൽ ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ സൈന്യം. നഗരത്തിലെ ബഹുനില കെട്ടിടം ഇസ്രയേൽ സൈന്യം തിങ്കളാഴ്‌ച ആക്രമിച്ച് തകർത്തതായി വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. ഹമാസിൻ്റെ നിരീക്ഷണ കേന്ദ്രങ്ങളും അവയിൽ സൂക്ഷിച്ചിരുന്ന ബോംബുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ ബഹുനില കെട്ടിടങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തുന്നത്. ഹമാസിൻ്റെ രഹസ്യ നിരീക്ഷണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേയ്ക്ക് ഒഴിഞ്ഞു പോകാൻ കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
3,000 തടവുകാരെ മോചിപ്പിക്കണമെന്നും താത്‌ക്കാലിക വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നും അമേരിക്ക നിർദേശിച്ചിരുന്നു. വെടിനിർത്തൽ സംബന്ധിച്ച് ഹമാസിന് നൽകുന്ന അവസാന നിർദേശമാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ട്രംപിൻ്റെ നിർദേശം അപമാനകരമായ കീഴടങ്ങലാണെന്നും വെടിനിർത്തൽ കരാറുകളെ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നും ഹമാസ് പ്രവർത്തകർ പറഞ്ഞു.
ജറുസലേമിലെ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിൻ്റെ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട 65 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായും 320 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്‌ച ഗാസ സിറ്റിയിലുണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
പലസ്‌തീനിലെ ബന്ദികളെ മോചിപ്പിക്കുകയും വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌താൽ ഗാസയിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുമെന്നും യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കുമെന്നും അമേരിക്കയുടെ മധ്യ ഏഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു.
“എല്ലാ ബന്ദികളെയും ആദ്യ ദിവസം തന്നെ മോചിപ്പിക്കണമെന്നും ഹമാസ് നിരായുധീകരിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെടുന്നു. ഗാസയിൽ ഇസ്രയേലിന് സ്വീകാര്യമായ ഒരു സർക്കാർ സ്ഥാപിക്കുന്നതിനാണ് ഇത്തരം നിർദേശങ്ങൾ. യുദ്ധം അവസാനിപ്പിക്കുന്നതും വംശഹത്യ നിർത്തുന്നതും നമ്മുടെ നിയമാനുസൃതമായ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന രാഷ്‌ട്രീയ പരിഹാരം ഉണ്ടാകണം. എന്നാൽ അപമാനകരമായ ഒരു കീഴടങ്ങൽ രേഖയിൽ ഒപ്പിടുന്നതിലൂടെയല്ല” മുതിർന്ന ഹമാസ് പ്രവർത്തകൻ ബാസിം നയിം പറഞ്ഞു.
2023 ഒക്‌ടോബർ 7ന് നടന്ന ആക്രമണത്തിൽ 251 ഇസ്രയേൽ പൗരരെ ബന്ദികളാക്കുകയും 1200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇസ്രയേലിൻ്റെ ആക്രമണത്തിൽ 64,522 പലസ്‌തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാന നഗരങ്ങളുടെ വലിയ ഭാഗങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു.
ഏകദേശം രണ്ട് ദശലക്ഷം പലസ്‌തീൻ ജനസംഖ്യയുടെ 90 ശതമാനവും പലായനം ചെയ്‌തതായി വിവിധ റിപ്പോർട്ടുകളില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെയും ഹമാസിനെ നിരായുധരാക്കുന്നത് വരെയും യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
















