മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സാന്ദ്രാ തോമസ്. മന്ത്രി സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് സാന്ദ്രാ തോമസ് ആരോപിച്ചു.
‘ഇരകൾ ആക്കപെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
ഇരകളാക്കപെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും’, സാന്ദ്ര തോമസ് പറയുന്നു.
















