തനിക്കെതിരെ പരാതി നല്‍കിയ നടിയുമായി മാനസിക അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. നടിയെ ഒരു മാഫിയ തടവില്‍ വച്ചിരിക്കുകയാണ്. അവരാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും സനല്‍കുമാര്‍ ശശിധരന്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നെ മാനസികരോഗിയായി ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. ഏഴുവർഷമായി നടിയുമായി പ്രണയത്തിലാണ്. ഞങ്ങളെ അകറ്റാൻ വ്യാജ കേസ് കൊടുക്കുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു.
ഞാനും മഞ്ജു വാര്യറും തമ്മിൽ ലവ് റിലേഷൻഷിപ്പ് ഉണ്ട്, അവര് പറഞ്ഞിട്ടാണ് ഞാൻ ആ ഓഡിയോ റെക്കോർഡ് പുറത്തുവിട്ടത്. അവർ വന്നു മൊഴി കൊടുത്താൽ സത്യാവസ്ഥ പുറത്തു വരുമല്ലോ..7 വർഷമായി ഞങ്ങൾ റിലേഷൻഷിപ്പ് നടത്തുന്നു. 3 1/2 വർഷമായി ഞാൻ ഇത് ഓപ്പൺ സ്പേസിൽ പറയുന്നു, ഒരാൾ പോലും മഞ്ജുവാര്യറോഡ് ഇക്കാര്യം ചോദിക്കുന്നില്ലെന്നും സനൽകുമാർ ശശിധരൻ പറഞ്ഞു.
ഞാന്‍ കുറ്റംചെയ്തിട്ടില്ല, നടി പരാതി കൊടുത്തിട്ടില്ല. അവരെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. അവരുമായി മാനസികമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ആരൊക്കെയാണോ, അവര്‍ക്കെതിരെയെല്ലാം കേസ് കൊടുക്കുന്നുണ്ട്. ആ കേസിലൊന്നും വിചാരണ നടക്കുന്നില്ല. തെളിവ് കൊടുക്കുന്നില്ല. അവരെയൊക്കെ ഭീഷണിപ്പെടുത്തി അകറ്റാന്‍ മാത്രമാണ് കേസ് കൊടുക്കുന്നത്. അതേ രീതിയാണ് എന്റെ കാര്യത്തിലും’, സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു.
അവര്‍ അഭിനയിച്ച ഞാന്‍ സംവിധാനംചെയ്ത ‘കയറ്റം’ എന്ന സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എന്തുകൊണ്ട് അത് പുറത്തിറങ്ങിയില്ല എന്ന് ചോദിക്കാന്‍ വേണ്ടി കാണാന്‍ ശ്രമിച്ചാല്‍പ്പോലും, ഞാന്‍ മിണ്ടരുത് സംസാരിക്കരുത് എന്നാണ് സമീപനം. അതിനു ശേഷമാണ് എന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. ഞാന്‍ സ്ഥിരം കുറ്റവാളിയാണെന്നും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്ന ആളാണെന്നും മാനസികരോഗമാണെന്നും പറയുന്നു. എനിക്കെതിരെ ട്രാന്‍സിറ്റ് വാറന്റോ, ലുക്ക് ഔട്ട് നോട്ടീസോ ഇല്ല. 2022-ല്‍ ഇതുപോലെ ആരുമറിയാതെ എന്നെ വന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയാനുള്ള ശ്രമം നടന്നു. ഇന്നലെയും അത് തന്നെയാണ് നടന്നത്’, സംവിധായകന്‍ പറഞ്ഞു.
‘അവരെ തടവില്‍ വച്ചിരിക്കുന്ന ഒരു മാഫിയയുണ്ട്. അവരാണ് കേസിന് പിന്നില്‍. അവരുടെ ഒപ്പ് കള്ള ഒപ്പാണ്. അവര്‍ കോടതിയില്‍ വന്ന് മൊഴികൊടുത്താല്‍ ഞാന്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തെളിയുമല്ലോ?’, സനല്‍ കുമാര്‍ ശശിധരന്‍ ചോദിച്ചു.
പിന്തുടര്‍ന്ന് ശല്യംചെയ്തുവെന്ന നടിയുടെ പരാതിയിലാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നെത്തിയ സംവിധായകനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം എളമക്കര പോലീസിന് കൈമാറുകയായിരുന്നു. കൊച്ചിയില്‍നിന്നുള്ള സംഘം തിങ്കളാള്ച മുംബൈയിലെത്തി സനലിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച സനലിന് ജാമ്യം അനുവദിച്ചു.
















