സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാന്താരാ 2’. ഇപ്പോഴിതാ ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഫിയോക്ക്. കൂടുതൽ വിഹിതം ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കളക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് പറ്റില്ലെന്ന് തിയേറ്റർ ഉടമ സംഘടന ഫിയോക്ക് വ്യക്തമാക്കി.
‘കാന്താര 2’ ഒക്ടോബർ 2 ന് വേൾഡ് വൈഡ് ആയി ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു.
കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ ബിഗ് സ്ക്രീനുകളിൽ എത്തിയ കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.
പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.
















