റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ 2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാന്താര. സിനിമയുടെ പ്രീക്വലായ കാന്താര ചാപ്റ്റര്‍ 1 മൂന്ന് വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ കേളരത്തിലെ പ്രദര്‍ശനം വിലക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചിരുന്നു.ഇപ്പോഴിതാ,ഇതിന് പിന്നാലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.
ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിനിമയില്‍ സ്വാഭാവികമാണെന്നും ഫിയോക്ക് ഭാരവാഹികളുമായും വിതരണക്കാരുമായും ഫിലിം ചേംബര്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്. പ്രദര്‍ശനത്തിന് മുമ്പ് കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. എന്നാല്‍ വിതരണക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം.
ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെ നിര്‍മാതാക്കള്‍. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നേടിയിരിക്കുന്നത്.
150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി വമ്പന്‍ ക്യാന്‍വാസില്‍ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചേര്‍ത്താകും സിനിമ ഒരുക്കുക എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
















