മൂകാംബിക ക്ഷേത്രത്തിൽ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. മകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.
മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് ഇളയരാജയെ ക്ഷേത്രം അധികൃതര്‍ തടഞ്ഞിരുന്നു. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്.
















