മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ദൃശ്യം ഒരു നല്ല സിനിമ ആയിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ഇത്രയും ഹിറ്റാകുമെന്ന് അറിഞ്ഞിരുന്നേല് താന്‍ തന്നെ പ്രൊഡ്യൂസ് ചെയുമായിരുന്നുവെന്നും ജീത്തു പറയുന്നു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
ജീത്തു ജോസഫിന്റെ വാക്കുകള്‍……
‘ദൃശ്യം ഒരു നല്ല സിനിമ ആണെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ റിലീസിന് ശേഷം ഇത്രയും വലിയ വിജയം നേടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അറിയുമായിരുന്നെങ്കില്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തേനെ. ഞാന്‍ എന്റെ ഒരു ചിത്രം പൂര്‍ത്തിയാക്കിയാല്‍ അത് കണ്ട് ഒരു വിലയിരുത്തല്‍ നടത്താറുണ്ട്. എന്റെ ആഗ്രഹം സിനിമ റിലീസ് ആകുമ്പോള്‍ ആളുകള്‍ വന്ന് കാണണം എന്നിട്ട് കൊള്ളാം എന്നു പറയണം, അതുപോലെ പ്രൊഡ്യൂസറിന് നഷ്ടം ഉണ്ടാകരുത്. അത്രമാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ, അതില്‍ കൂടുതല്‍ എന്തെങ്കിലും ലഭിച്ചാല്‍ ബോണസ് ആയാണ് കാണുന്നത്. ദൃശ്യം റീലീസ് ചെയ്യുമ്പോഴും ഇതൊരു നല്ല സിനിമ ആയിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ബോക്സ് ഓഫീസില്‍ ഇത്രയും പെര്‍ഫോം ചെയ്യുമെന്ന് കരുതിയില്ല’.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്, ആശാ ശരത്, സിദ്ദിഖ്, എസ്തര് അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.
















