കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡോമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോക. ചിത്രം മികച്ച പ്രതികരണങ്ങളോടെ തീയറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ലോക സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ ചെറുപ്പം അഭിനയിച്ച ദുര്‍ഗയിലേക്ക് എത്തിയത് എങ്ങനെയെന്ന് പറയുകയാണ് കാസ്റ്റിംഗ് ഡയറക്ടര്‍ വിവേക് അനിരുദ്ധ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് വിവേക് അനിരുദ്ധ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വിവേക് അനിരുദ്ധിന്റെ വാക്കുകള്‍……
‘ലോകയുടെ സ്‌ക്രിപ്റ്റില്‍ ഫൈറ്റ് എഴുതി വെച്ചിട്ടുണ്ട്, ഇനി ഷൂട്ടിംഗ് ആണ് വെല്ലുവിളി. അങ്ങനെയിരിക്കെയാണ് കാസ്റ്റിംഗ് കോള്‍ ഇട്ടത് കേരളത്തിന്റെ പുറത്തു നിന്ന് ഒരുപാട് കുട്ടികള്‍ വന്നിരുന്നു. ഇതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അഭിനയിക്കുന്ന കുട്ടികള്‍ ഫൈറ്റ് ചെയ്യില്ല, അതുപോലെ ഫൈറ്റ് ചെയ്യുന്ന കുട്ടികള്‍ക്ക് അഭിനയിക്കാനും അറിയില്ല. ഇത് രണ്ടും ചെയ്യുന്ന കുട്ടി വേണം കാരണം ഫൈറ്റ് പാളിയാല്‍ ഈ കഥാപാത്രവും സിനിമയും പാളും. എന്റെ സുഹൃത്ത് ആഷ്ലിയുടെ സുഹൃത്തിന്റെ മകളാണ് ദുര്‍ഗ. മൂന്ന് വയസ്സ് മുതല്‍ കളരി പഠിക്കുന്ന കുട്ടിയാണ്…ദുര്‍ഗയെ സീന്‍ ചെയ്യിപ്പിച്ചു നോക്കി. ദുര്‍ഗ എന്ത് ചെയ്യാനും തയ്യാറാണ് നല്ല എനര്‍ജിയും…റബര്‍ ബാന്‍ഡ് പോലെ ഭയങ്കര ഫ്‌ലെക്‌സിബിള്‍ ആണ്’.
അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് ‘ലോക’.
















