ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് കാന്ത. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12 നായിരുന്നു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ലോകയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് കാന്തയുടെ റിലീസ് മാറ്റിയിരിക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നിര്‍മാതാക്കളുടെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം…….
‘ഞങ്ങളുടെ ടീസര്‍ പുറത്തിറങ്ങിയതിനുശേഷം നിങ്ങള്‍ കാണിച്ച സ്‌നേഹവും പിന്തുണയും ഞങ്ങളെ ശരിക്കും സന്തോഷിപ്പിച്ചു. ലോകയുടെ ഉജ്ജ്വല വിജയത്തോടെ, ബോക്സ് ഓഫീസില്‍ ചന്ദ്രയുടെ കുതിപ്പ് കുതിച്ചുയരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, കാന്തയുടെ റിലീസ് തീയതി ഞങ്ങള്‍ മാറ്റിവെക്കുന്നു. അതുവരെ ഞങ്ങളോടൊപ്പം നില്‍ക്കുന്നതിന് നന്ദി. ഉടന്‍ തിയേറ്ററുകളില്‍ കാണാം’.
A little delay for a bigger experience❤✨#kaantha
A @SpiritMediaIN and @DQsWayfarerFilm production 🎬#Kaantha #DulquerSalmaan #RanaDaggubati #SpiritMedia #DQsWayfarerfilms #Bhagyashriborse #SelvamaniSelvaraj #Kaanthafilm pic.twitter.com/jCk0owOyED
— Wayfarer Films (@DQsWayfarerFilm) September 11, 2025
‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വമ്പന്‍ പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ – ശബരി.
















