ബോക്‌സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ലോകയുടെ കുതിപ്പ് തുടരുന്നു. ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 200 കോടി കളക്ഷനാണ് ആഗോള തലത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ഫിലിം ഫ്രാഞ്ചൈസി കൂടിയാണ് ലോകയിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ ലോക യൂണിവേഴ്സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ മാത്രമാണ് ചന്ദ്ര എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഡൊമിനിക് അരുൺ.
‘ഇതിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ ചന്ദ്രയാണ്. ഇനി വരാൻ പോകുന്നതൊക്കെ കുറച്ച് കൂടുതലാണ്. അന്ന് ചന്ദ്രയുടെ കഥ ദുൽഖറിനോട് പറഞ്ഞപ്പോൾ, ഇത് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ പോയിക്കളയും, അതുകൊണ്ട് ബാക്കി കൂടി ഉണ്ടാക്കി വരാനാണ് ദുൽഖർ പറഞ്ഞത്. എല്ലാം ഡെവലപ് ചെയ്ത വരാൻ പറഞ്ഞു. പിന്നെയും ഒരു ആറ് മാസത്തോളം എടുത്തു’, ഡൊമിനിക് അരുൺ പറഞ്ഞു.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കിയത്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
















