മോഹിത് സൂരി സംവിധാനം ചെയ്ത് അഹാന്‍ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘സൈയാരാ’. ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് സൈയാരാ. ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 500 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര.
വന്‍ ഹിറ്റായി മാറിയ സൈയാര കഴിഞ്ഞ ദിവസം ഒടിടിയിലും റിലീസ് ചെയ്തു. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സൈയാര ഒടിടിയില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സൈയാര നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 569.75 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്. ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ ഇതുവരെ 398.25 കോടി രൂപയുമാണ്. വിദേശത്ത് നിന്ന് മാത്രമായി നേടിയിരിക്കുന്നത് 171.5 കോടി രൂപയുമാണ്. 40- 50 കോടി ബജറ്റ് ഉള്ള ചിത്രം ഇതിനകം തന്നെ നേടിയിരിക്കുന്നത് പത്തിരട്ടിയിലിധികം കളക്ഷനാണ്.
ഛാവ മാത്രമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ സൈയാരയ്ക്ക് മുകളിലുള്ളത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു. സങ്കല്‍പ് സദാനയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത്.
















