‘ലോക’ സിനിമയിലെ ക്യാരക്റ്റർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ദുൽഖറിന്റെയും ടൊവിനോയുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടത്. ഒടിയനായ ദുൽഖർ സൽമാന്റെയും ചാത്തനായ ടൊവിനോയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ചാർലിയായാണ് ദുൽഖർ സൽമാൻ എത്തുന്നത്. മൈക്കിളായി ടൊവീനോയും എത്തുന്നു.
‘ലോക’യുടെ രണ്ടാം ഭാഗം ചാത്തനായ ടൊവീനോയുടെ കഥയായിരിക്കുമെന്ന സൂചനകൾ മുൻപ് പുറത്തുവന്നിരുന്നു. രണ്ടാം ഭാഗത്തിലും ശക്തരായ സൂപ്പർ ഹീറോസായി ദുൽഖറും ടൊവീനോയുമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ചിത്രം റിലീസ് ചെയ്ത് 13 ദിവസത്തിനകം 200 കോടി ക്ലബ്ബിൽ ഇടം നേടി. ഏകദേശം മുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
















