ആമിര്‍ ഖാന്‍, ഊര്‍മിള മതോണ്ട്കര്‍, ജാക്കി ഷ്റോഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത സിനിമയാണ്
രംഗീല. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ഴോണറില്‍ ഒരുങ്ങിയ സിനിമ വലിയ വിജയമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. എന്നാല്‍ റിലീസിന് മുന്‍പ് ആര്‍ക്കും സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല എന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.
രാം ഗോപാലിന്റെ വാക്കുകള്‍…….
‘രംഗീല ഇറങ്ങുന്ന ടൈമില്‍ ആമിറിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വര്‍ക്ക് ആയിരുന്നില്ല. ഊര്‍മിളയുടെ സിനിമകളും വര്‍ക്ക് ആയിരുന്നില്ല. ഞാന്‍ സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നായതിനാല്‍ രംഗീലയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് പ്രേക്ഷകര്‍ക്കും വലിയ ധാരണയില്ലായിരുന്നു. സിനിമയിലെ മ്യൂസിക് പോലും പുതിയ തരത്തിലുള്ളതായിരുന്നു. അന്നത്തെ കാലത്തെ ഹിറ്റ് മ്യൂസിക്കിന്റെ സ്വഭാവത്തില്‍ അല്ലായിരുന്നു രംഗീലയിലെ ഗാനങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ റിലീസിന് ശേഷം എല്ലാവരും ഗാനങ്ങള്‍ ഏറ്റെടുത്തു’.
എ ആര്‍ റഹ്മാന്‍ ആയിരുന്നു രംഗീലയ്ക്ക് സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങള്‍ എല്ലാം എന്നും വലിയ ഹിറ്റാണ്. എ ആര്‍ റഹ്മാന്റെ ആദ്യ ഹിന്ദി സിനിമ കൂടിയാണ് രംഗീല. നടി ഊര്‍മിളയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ഇത്. 33.4 കോടി രൂപയാണ് സിനിമ അന്ന് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.
















