ബോളിവുഡിലെ പ്രശസ്തയായ കൊറിയോഗ്രാഫര്‍ ആണ് ഫറാ ഖാന്‍. ഇപ്പോഴിതാ ഛയ്യ ഛയ്യ എന്ന ഗാനത്തിന്റെ പിന്നിലെ കഥകളെക്കുറിച്ച് മനസുതുറക്കുകയാണ് ഫറാ ഖാന്‍. പലരും ബുദ്ധിമുട്ടാണെന്ന് കരുതുമെങ്കിലും താന്‍ ഏറ്റവും എളുപ്പത്തില്‍ ചിത്രീകരിച്ച ഗാനമാണ് ‘ഛയ്യ ഛയ്യ’ എന്ന് പറയുകയാണ് ഫറാ.
ഫറാ ഖാന്റെ വാക്കുകള്‍…….
‘ഛയ്യ ഛയ്യ എന്ന ഗാനം ഷൂട്ട് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇതുവരെ ഞങ്ങള്‍ ചിത്രീകരിച്ചതില്‍ വെച്ച് ഏറ്റവും എളുപ്പമുള്ള ഗാനങ്ങളില്‍ ഒന്നായിരുന്നു അത്. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ഞങ്ങള്‍ എല്ലാവരും ആ ഗാനം നന്നായി റിഹേഴ്‌സല്‍ ചെയ്തതിനാല്‍ ട്രെയിനില്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആ താളം കൃത്യമായി കിട്ടി. അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്യാന്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു’.
‘ഷാരൂഖ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെര്‍ഫോമര്‍. മികച്ച രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ അദ്ദേഹം എന്നെ എന്നും പ്രചോദിപ്പിക്കും. കഭി ഖുഷി കഭി ഗംമിലെ ‘സൂരജ് ഹുവാ മദ്ധം’ എന്ന ഗാനം കാണുമ്പോള്‍ ഷാരൂഖ് ചെയ്തതുപോലെ തീവ്രതയോടെ ആര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്നും തോന്നും. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ രസകരമാണ്’.
മണിരത്നം സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ദില്‍ സെയിലെ ഹിറ്റ് ഗാനമാണ് ഛയ്യ ഛയ്യ. ഗാനത്തിലെ ഓടുന്ന ട്രെയിനിന് മുകളിലുള്ള ഷാരൂഖിന്റെ ഡാന്‍സിന് ഇന്നും ആരാധകര്‍ ഏറെയാണ്. എ ആര്‍ റഹ്മാന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. മനീഷ കൊയ്രാള, പ്രീതി സിന്റ, അരുന്ധതി റാവു, രഘുബീര്‍ യാദവ് തുടങ്ങിയവരും ദില്‍ സെയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
















