കല്യാണി പ്രിയദര്‍ശനെ ടൈറ്റില്‍ കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാനെയാണ് ഇന്ത്യന്‍ കളക്ഷനില്‍ ലോക മറികടന്നിരിക്കുന്നത്.
വെറും 17 ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്റെ ലൈഫ് ടൈം ഇന്ത്യന്‍ കളക്ഷന്‍ ചിത്രം മറികടന്നിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം 17 ദിവസം കൊണ്ട് ലോക ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 112.4 കോടിയാണ്. കൊയ്‌മൊയ്‌യുടെ കണക്ക് പ്രകാരം എമ്പുരാന്‍ ഇന്ത്യയില്‍ നിന്ന് നേടിയ ലൈഫ് ടൈം നെറ്റ് കളക്ഷന്‍ 106.64 കോടി ആയിരുന്നു.
ഇതോടെ ഇന്ത്യയില്‍ ഏറ്റവും കളക്ഷന്‍ നേടിയ മലയാളം സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ലോക. ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്‌സും രണ്ടാമത് തുടരും എന്ന ചിത്രവുമാണ്. കൊയ്‌മൊയ്‌യുടെ കണക്ക് പ്രകാരം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇന്ത്യന്‍ നെറ്റ് 142 കോടിയും തുടരുമിന്റേത് 122 കോടിയും ആയിരുന്നു. തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസ് നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. അതേസമയം വിദേശ ബോക്‌സ് ഓഫീസിലും ചിത്രം കുതിച്ചുകൊണ്ടിരിക്കുകയാണ്.
















