സംഗീതലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങില്‍ പഴയകാല ഓർമ്മകൾ പങ്കുവെച്ച് തമിഴ് സൂപ്പർ താരം രജനീകാന്ത്. ‘ജോണി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന് മഹേന്ദ്രനും രജനീകാന്തും ഇളയരാജയും ചേര്‍ന്ന് മദ്യപിച്ചപ്പോൾ ഉണ്ടായ സംഭവങ്ങളാണ് അദ്ദേഹം വേദിയില്‍ പങ്കുവെച്ചത്.
ഇളയരാജ ഓര്‍ത്തെടുത്ത സംഭവം രജനീകാന്ത് ഇടപെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു. പരിപാടിയുടെ രണ്ടു ദിവസം മുമ്പേ രജനീകാന്ത് തന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് ഇളയരാജ തുടങ്ങിയത്. പഴയതൊക്കെ താന്‍ പരിപാടിയില്‍ വെളിപ്പെടുത്തുമെന്ന് രജനീകാന്ത് പറഞ്ഞു. ‘ഒരിക്കല്‍ നമ്മള് മദ്യപിച്ചപ്പോള്‍ താങ്കള്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഓര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അരക്കുപ്പി ബിയര്‍ കഴിച്ച ഞാന്‍ അവിടെ നൃത്തംചെയ്ത കാര്യമാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്’, ഇളയരാജ പറഞ്ഞു.
ഇളയരാജ പ്രസംഗം തുടരുന്നതിനിടെ രജനീകാന്ത് മൈക്കിനടുത്തേക്ക് വന്നു. ജോണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവമെന്ന് രജനീകാന്ത് ഓര്‍ത്തെടുത്തു. ‘ഇളയരാജയേയും പാര്‍ട്ടിയിലേക്ക് വിളിക്കാമെന്ന് സംവിധായകന് മഹേന്ദ്രന് പറഞ്ഞു. അരക്കുപ്പി ബിയര്‍ കഴിച്ച ഇളയരാജ ചെയ്തതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. രാവിലെ മൂന്നുമണിവരെ അദ്ദേഹം അവിടെനിന്ന് നൃത്തംചെയ്തു. സിനിമയുടെ പാട്ടിനെക്കുറിച്ച് മഹേന്ദ്രന് ചോദിക്കുമ്പോള്‍ അതൊക്കെ വിട് എന്ന് പറയും. എന്നിട്ട് നടിമാരെക്കുരിച്ച് ഗോസിപ്പ് പറയും’, രജനീകാന്ത് പറഞ്ഞു. അവസരം കിട്ടിയപ്പോള്‍ ഇല്ലാത്ത കാര്യം കൂട്ടിച്ചേര്‍ത്തുവെന്നായിരുന്നു ഇളയരാജയുടെ മറുപടി.ഇളയരാജ സംഗീതം നല്കിയ ഒരുപാട്ടെങ്കിലും ഉണ്ടെങ്കില്‍ സിനിമകള്‍ ഇന്നും ഹിറ്റായി മാറുമെന്ന് രജനീകാന്ത് പറഞ്ഞു. തന്റെ ഒടുവിലിറങ്ങിയ ‘കൂലി’യില്‍ ഇളയരാജയുടെ രണ്ടു പാട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. എല്ലാവര്ക്കും ഒരുപോലെയാണ് ഇളയരാജ പാട്ടുകള്‍ ഉണ്ടാക്കുക എന്ന് പറയും. എന്നാല്‍ അത് സത്യമല്ല. കമലിന് എപ്പോഴും അദ്ദേഹം എന്തെങ്കിലും ‘എക്സ്ട്രാ’ നല്‍കും’, കമല്‍ഹാസനെ വേദിയിലിരുത്തി രജനീകാന്ത് തമാശരൂപേണ പറഞ്ഞു.
‘ഇളയരാജ സംഗീതലോകം അടക്കിവാഴുന്ന കാലത്ത് മറ്റൊരു സംഗീതസംവിധായകന് രംഗപ്രവേശം ചെയ്തു. സിനിമക്കാര്‍ അദ്ദേഹത്തിന് പിന്നാലെ പോകാന്‍ തുടങ്ങി. ഇളയരാജയുടെ പാട്ടുകളിലൂടെ ലക്ഷങ്ങളും കോടികളും സമ്പാദിച്ച സംവിധായകരും നിര്‍മാതാക്കളും പോലും പുതിയ സംഗീതസംവിധായകനെ തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഞാനും അയാള്‍ക്കുപിന്നാലെ പോയി. എന്നാല്‍ അതൊന്നും ഇളയരാജയെ ഉലച്ചില്ല’, രജനീകാന്ത് പറഞ്ഞു.’എല്ലാ ദിവസവും രാവിലെ 6.30-ന്, അദ്ദേഹം താമസിക്കുന്ന ടി നഗറില്‍നിന്ന് പ്രസാദ് സ്റ്റുഡിയോയിലേക്ക് ഒരു കാര്‍ പുറപ്പെടും. ആ ഹാര്‍മോണിയം സംഗീതം പൊഴിച്ചുകൊണ്ടേയിരുന്നു, റെക്കോര്‍ഡിങ്ങുകള്‍ തുടര്‍ന്നു. അതിനിടെ സഹോദരന് ആര്.ഡി. ഭാസ്കര്‍ മരിച്ചു. പ്രിയപത്നി ജീവ വിട പറഞ്ഞു. ആരുടെ സാന്നിധ്യം കൊണ്ടാണോ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നത്, ആ ഏക മകള്‍ ഭവതരിണിയും അന്തരിച്ചു. എന്നിട്ടും ആ കാര്‍ രാവിലെ 6.30-ന് ടി നഗറില്‍ നിന്ന് പുറപ്പെടുന്നത് ഒരിക്കലും നിലച്ചില്ല. ആ ഹാര്‍മോണിയം സംഗീതമുണ്ടാക്കുന്നതും നിര്‍ത്തിയില്ല’, രജനീകാന്ത് പറഞ്ഞു.
















