ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായ ‘റെഡ് ഗോൾഡ്’ എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന 25-ലധികം ഫാമുകൾ ഇപ്പോൾ സൗദി അറേബ്യയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതോടെ, സൗദി അറേബ്യയിൽ കുങ്കുമപ്പൂവ് കൃഷി ഒരു പ്രതീക്ഷ നൽകുന്ന വിളയായി മാറിയിരിക്കുന്നു.
ഇന്റർനാഷനൽ സൊസൈറ്റി ഫോർ ഹോർട്ടികൾചറൽ സയൻസിന്റെ കണക്കനുസരിച്ച് ഫാമുകളിൽ നിന്നുള്ള പ്രാദേശിക ഉൽപന്നങ്ങൾക്ക് പ്രാദേശിക വിപണികളിൽ വലിയ ഡിമാൻഡാണ്.
ഇതോടെ സൗദിയിലെ കാർഷിക മേഖല കുങ്കുമപ്പൂവിന്റെ കൃഷിയും പ്രാദേശികവത്കരിക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.
റിയാദ്, ഖസിം, തബൂക്ക്, അൽബാഹ എന്നിവ സുഗന്ധമുള്ള രുചിയും ഒന്നിലധികം പാചക ഉപയോഗങ്ങളും ഉള്ള കുങ്കുമം ഉൽപാദിപ്പിക്കാൻ അനുയോജ്യമായ പ്രദേശങ്ങളാണെന്ന് കാർഷിക അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിലും പ്രായോഗിക കാർഷിക ഗവേഷണം വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദേശീയ കാർഷിക പദ്ധതിയുടെ ഭാഗമായി സൗദി കുങ്കുമപ്പൂവിന്റെ ഉൽപാദനം പ്രാദേശികവൽക്കരിക്കുന്നതിനും ഇരട്ടിയാക്കുന്നതിനുമായി പദ്ധതി കാർഷിക വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
റിയാദ്, ഖാസിം, തബൂക്ക്, അൽബാഹ എന്നീ നാല് പ്രധാന മേഖലകളിലാണ് കുങ്കുമപ്പൂവ് ഉൽപാദനം പ്രാദേശികവൽക്കരിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്.
സാമ്പത്തികമായി മികച്ച ഒരു വിളയാണ് കുങ്കുമപ്പൂവ്. അതിന്റെ ഉൽപാദനം ഇരട്ടിയാക്കാൻ ശ്രമിക്കുന്നുവെങ്കിലും അതിന്റെ കൃഷിയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സൗദിയുടെ കാർഷിക ഉൽപാദന സമ്പ്രദായത്തിൽ സംയോജിപ്പിക്കുന്നതിനും വിപുലമായ ശാസ്ത്രീയ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നാണ് കൃഷി രംഗത്തുള്ളവരുടെ വിലയിരുത്തൽ.
















