ഡോമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രമാണ് ലോക-ചാപ്റ്റര്‍ 1 ചന്ദ്ര. ഇപ്പോഴിതാ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് തുടര്‍ച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ആദ്യ മലയാള സിനിമയായി ‘ലോക’ മാറി.
ആദ്യ ദിനം തന്നെ കേരളത്തില്‍ നിന്ന് 2.70 കോടി രൂപ നേടി. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 5 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ഞെട്ടിച്ചു. എട്ടാം ദിവസം 6.18 കോടിയും, പത്താം ദിവസം 7.30 കോടിയും നേടി ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കി. തുടര്‍ച്ചയായ 20 ദിവസങ്ങളില്‍ 2 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുക എന്നത് ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 19-ാം ദിവസം 2.4 കോടിയും 20-ാം ദിവസം 2.09 കോടിയും നേടി ചിത്രം ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കി. 20 ദിവസത്തെ കേരള കളക്ഷന്‍ മാത്രം 93 കോടി രൂപയാണ്.
ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നസ്ലെന്‍, സാന്‍ഡി മാസ്റ്റര്‍, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങള്‍ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടു.
ചിത്രം ഇതുവരെ ആഗോള ബോക്‌സ് ഓഫീസില്‍ 250 കോടി പിന്നിട്ടു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് സിനിമ 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം.
ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മല്‍ ബോയ്സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നേട്ടം. മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ന്റെ കളക്ഷന്‍ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് ‘തുടരും’ന്റെ ആഗോള കളക്ഷന്‍. ഈ റെക്കോര്‍ഡിനെയാണ് ലോക മറികടന്നത്.
















