‘മാസാന്‍’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്വാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്ലര്‍ പുറത്ത്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അണ്‍ സെര്‍ടൈന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ഒന്‍പത് മിനിറ്റ് സ്റ്റാന്‍ഡിങ്ങ് ഒവേഷനാണ് ലഭിച്ചത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജെത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു. സെപ്റ്റംബര്‍ 26 നാണ്ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
നോര്‍ത്തിന്ത്യയില്‍ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ പോലീസ് സേനയില്‍ ചേരാനുള്ള ആഗ്രഹം നിറവേറ്റാനായി മുന്നിട്ടിറങ്ങുകയും, എന്നാല്‍ ഈ യാത്രയില്‍ ഇരുവരും നേരിടുന്ന പ്രതിസന്ധികളുമാണ് നീരജ് ഗായ്വാന്‍ തന്റെ പുതിയ ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കരണ്‍ ജോഹറാണ്. അതേസമയം പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ്. പ്രതീക് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ ബൈഡ് ആണ്. ബഷ്റാത് പീര്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നീരജ് ഗായ്വാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
















