തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഓരോ സെമസ്റ്ററിലും ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവാണ് നൽകുക.
ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ് കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ വിഭാഗം കോളേജുകളിലെയും വിദ്യാർത്ഥിനികൾക്കും ആർത്തവ സമയത്ത് അവധിയെടുക്കാം. നിലവിൽ കുസാറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർവകലാശാലകളിലും ഐടിഐകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകിയിട്ടുണ്ട്. കുസാറ്റിൽ ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് ആർത്തവത്തിനായി നൽകുന്നത്. ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് മാസത്തിൽ രണ്ടുതവണയുമാണ് അവധി അനുവദിച്ചിട്ടുള്ളത്.
2023ൽ എല്ലാ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസവകുപ്പ് ആർത്തവാവധി പ്രഖ്യാപിച്ചിരുന്നു. ആർത്തവദിനങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങൾമൂലം അധ്യയനം നഷ്ടപ്പെടുന്ന കോളേജ് വിദ്യാർത്ഥിനികൾക്ക് ഓരോ സെമസ്റ്ററിലും ആകെ ആവശ്യമായ ഹാജർ നിലയിൽ രണ്ടു ശതമാനത്തിന്റെ ഇളവുനൽകും. പരീക്ഷയെഴുതാൻ നിലവിൽ 75 ശതമാനം ഹാജരാണ് ഓരോ സെമസ്റ്ററിലും വേണ്ടത്. പുതിയ ഭേദഗതി അനുസരിച്ച് വിദ്യാർഥിനികൾക്ക് ആർത്തവാവധിയുൾപ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചു.
















