ഡൊമിനിക് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രമാണ് ലോക. ചിത്രം മികച്ച പ്രതികരണത്തോടെ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ വേഫെറര്‍ പോലെ ഒരു നിര്‍മാണ കമ്പനി ഇല്ലെങ്കില്‍ ലോക പോലെ ഒരു സിനിമ ഒരിക്കലൂം സംഭവിക്കില്ല എന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍…….
‘ലോക ഇത്രയും ചര്‍ച്ചചെയ്യപ്പെടാന്‍ കാരണം ഈ കോസ്റ്റില്‍ ഇങ്ങനെ ഒരു സിനിമ ചെയ്യപ്പെട്ടു എന്നത് കൊണ്ട് കൂടിയാണ്. ഇന്ന് അതെല്ലാം സാധ്യമാണ്. അതില്‍ പ്രീ പ്ലാനിങ്ങും പ്രീ പ്രൊഡക്ഷനുമെല്ലാം വളരെ പ്രാധാന്യമുണ്ട്. നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിര്‍മാതാവ് ഉണ്ടാകുക എന്നതും വളരെ വലിയ കാര്യമാണ്. ലോക പോലെ ഒരു കഥ പറഞ്ഞു മറ്റൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പാടാണ്. വേറെ ഒരു പ്രൊഡക്ഷന്‍ ടീമും ലോക പോലെ ഒരു സിനിമ ഒരുക്കാന്‍ തയ്യാറാകില്ല. വേഫെറര്‍ പോലെ ഒരു നിര്‍മാണ കമ്പനി ഇല്ലായിരുന്നു എങ്കില്‍ ലോക പോലെ ഒരു സിനിമ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇത്തരം സിനിമയ്ക്ക് കാശ് മുടക്കണമെങ്കില്‍ സിനിമ അറിയാവുന്നവര്‍ക്കേ സാധിക്കൂ. അത് ദുല്‍ഖറിന് കഴിഞ്ഞ സിനിമകളില്‍ നിന്ന് കിട്ടിയിട്ടുള്ള ഒരു എക്‌സ്പീരിയന്‍സ് കൂടിയാണ്. ഇനി ആളുകളുടെ പ്രതീക്ഷകളെ മീറ്റ് ചെയ്യുന്ന സിനിമകള്‍ ചെയ്താലേ രക്ഷയുള്ളൂ’.
ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ.
















