ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വിവാഹമോചനത്തെക്കുറിച്ച് ഇരുവരും നേരിട്ട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ബോളിവുഡ‍് പരസ്യ സംവിധായകനായ പ്രഹ്ലാദ് കക്കർ ദമ്പതികളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇരുവരുടേയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന കുപ്രചാരണങ്ങളിൽ സത്യമില്ലെന്നും ഇപ്പോഴും ബച്ചൻ കുടുംബത്തിലെ മരുമകൾ തന്നെയാണ് ഐശ്വര്യയെന്നും പറയുകയാണ് പ്രഹ്ലാദ് കക്കർ. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പ്രഹ്ലാദ് പങ്കുവെച്ചത്.ഐശ്വര്യ അവരുടെ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് പലരും അഭിഷേകുമായി വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ പരത്തുന്നത്. എന്നാൽ ഇത് ഐശ്വര്യയുടെ അമ്മയുടെ ആരോഗ്യാവസ്ഥ മോശമായതുകൊണ്ടാണ് എന്നാണ് പ്രഹ്ലാദ് പറയുന്നത്.
ഐശ്വര്യയും കുടുംബവും താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഞാനും കഴിയുന്നത്. ഐശ്വര്യയുടെ അമ്മയ്ക്ക് സുഖമില്ല. അതുകൊണ്ടാണ് കൂടുതൽ സമയം അവിടെ ചെലവഴിക്കാനെത്തുന്നത്. മാത്രമല്ല മകളെ അംബാനി സ്കൂളിലേക്ക് വിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും ഐശ്വര്യയാണ്. ഇതിനിടയ്ക്കുള്ള സമയം അമ്മയ്ക്കൊപ്പം ചെലവഴിക്കും.- പ്രഹ്ലാദ് പറയുന്നു.
ബച്ചൻ കുടുംബം വിട്ട് ഒന്നുമില്ലാത്തവളെപ്പോലെ ഐശ്വര്യ സ്വന്തം വീട്ടിലേക്ക് തിരികെയെത്തി എന്ന ഗോസിപ്പുകൾക്കും പ്രഹ്ലാദ് മറുപടി നൽകുന്നുണ്ട്. ഐശ്വര്യ ഇന്നും ആ വീട്ടിലെ മരുമകളാണ്. ആ വീട് നോക്കി നടത്തുന്നതും ഐശ്വര്യയാണ്. മകൾ സ്കൂളിലുള്ള സമയത്ത് മാത്രമാണ് ഐശ്വര്യ അമ്മയ്ക്കൊപ്പം വന്നിരിക്കുന്നത്. ഞായറാഴ്ചകളിൽ വരാറില്ല. ചിലപ്പോഴൊക്കെ അഭിഷേകും വരാറുണ്ട്. അതിലെന്താണിത്ര പ്രശ്നം- എന്നാണ് പ്രഹ്ലാദ് ചോദിക്കുന്നത്.
ഇത്തരം കമന്റുകളോട് പ്രതികരിക്കുന്നവരല്ല ഐശ്വര്യയും അഭിഷേകുമെന്നും പ്രഹ്ലാദ് പറഞ്ഞു. ഐശ്വര്യ കരിയറിലുടനീളം തന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചയാളാണെന്നും പ്രഹ്ലാദ് പറഞ്ഞു.ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ഒരിക്കൽ സാമൂഹികമാധ്യമത്തിലെ വിവാഹമോചനത്തേക്കുറിച്ചുള്ള ഒരു പോസ്റ്റ് അഭിഷേക് ലൈക് ചെയ്തതോടെ അഭ്യൂഹം ശക്തമായി. എല്ലാ കുപ്രചാരണങ്ങൾക്കും വിരാമമിട്ടാണ് അടുത്തിടെ പതിനെട്ടാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ ചിത്രം ഇരുവരും പങ്കുവെച്ചത്.
















