കുവൈത്തിൽ പ്രവാസി താമസക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. ഈ വർഷത്തെ ജനസംഖ്യാ കണക്കുകൾ പ്രകാരം പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനത്തിൻ്റെ കുറവാണുള്ളതെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) റിപ്പോർട്ട് ചെയ്യുന്നു.
തൊഴിൽ, താമസ നിയമങ്ങളിൽ കുവൈത്ത് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ വിദേശികളുടെ എണ്ണത്തെ നേരിട്ട് ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ കുവൈത്തിലെ ആകെ ജനസംഖ്യ 4,881,254 ആണ്. ഇതിൽ, 3,315,086 പേർ പ്രവാസികളും 1,566,168 പേർ സ്വദേശി പൗരന്മാരുമാണ്.
2024-നെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ 1.56 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സ്വദേശി താമസക്കാരുടെ എണ്ണം 1.32 ശതമാനം വർധിച്ചു. 2024-ന്റെ തുടക്കത്തിൽ ആകെ ജനസംഖ്യ 4,913,271 ആയിരുന്നു. 2010 മധ്യം മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, നിലവിലെ സ്വദേശി പൗരന്മാരുടെ എണ്ണം (1,566,168) ഏറ്റവും ഉയർന്ന കണക്കാണ്.
ഈ വർഷം പകുതിയോടെ എല്ലാത്തരം തൊഴിൽ വിസാ മാറ്റങ്ങൾക്കും ഏകീകൃതമായി 150 കുവൈത്ത് ദിനാർ എന്ന പുതിയ ഫീസ് നിരക്ക് പ്രാബല്യത്തിൽ വന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. ഇത്തരം കർശന നടപടികളാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കാൻ കാരണം.
















