മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ഇപ്പോഴിതാ സിനിമ ഇന്‍ഡസ്ട്രിയില്‍ ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും സിനിമ നിര്‍മാതാക്കളോട് എല്ലാത്തിനും സാലറി ആവശ്യപ്പെടുന്ന താരങ്ങളെ ഒഴിവാക്കണമെന്ന് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം…….
‘തന്റെ ആറു കാരവനും 30 പേഴ്‌സണല്‍ സ്റ്റാഫിനും പ്രൊഡ്യൂസര്‍ സാലറി കൊടുക്കണം എന്നവശ്യപ്പെടുന്ന താരങ്ങളെ സിനിമയില്‍ നിന്നും ഒഴിവാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. നിര്‍മാതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍’.
കല്‍ക്കി സിനിമയില്‍ നിന്നും ദീപിക പദുകോണെ ഒഴിവാക്കിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് രഞ്ജിത്ത് ശങ്കര്‍ ഈ കുറിപ്പ് പങ്കുവെച്ചത്. കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കിയെന്ന വിവരം നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നടിയുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ആവാതെയാണ് ഈ തീരുമാനം എടുത്തതെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ദീപിക തന്നെയാണ് കല്‍ക്കി 2 നിരസിച്ചതെന്നാണ് സിനിമയുമായി അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ അറിയിച്ചതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതെസമയം തന്റെ പ്രതിഫലത്തില്‍ 25 ശതമാനത്തിലധികം വര്‍ധനവാണ് ദീപിക പദുകോണ്‍ ആവശ്യപ്പെട്ടതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം തന്റെ ജോലിസമയം ഏഴ് മണിക്കൂറായി ചുരുക്കണമെന്ന് ദീപിക ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇത് സംബന്ധിച്ച് നടിയുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും നിര്‍മാതാക്കള്‍ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
















