എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തെ തുടര്‍ന്ന് തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ വലിയ പാരിസ്ഥിതിക ആഘാതമെന്ന മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ദീര്‍ഘകാല നിരീക്ഷണവും, മത്സ്യ സമ്പത്തിന്റെ സംരക്ഷണവും അനിവാര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖന ലോഹങ്ങൾ മത്സ്യത്തിലൂടെ മനുഷ്യരിലും എത്താമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
ജൂണ്‍ രണ്ട് മുതല്‍ 12 വരെയാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടന്നത്. കൊച്ചിക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്ഥലങ്ങളില്‍ നിന്ന് 29 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. വെള്ളത്തിന്റെ ഗുണനിലവാരം, ജലോപരിതലത്തിലെ സൂക്ഷ്മജീവികള്‍, ജല ജീവികള്‍, സസ്യങ്ങള്‍, മീന്‍ മുട്ടകള്‍, ലാര്‍വ എന്നിവയെയെല്ലാം കപ്പല്‍ മുങ്ങിയത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുങ്ങിപ്പോയ ഇന്ധന കംപാര്‍ട്ട്‌മെന്റുകള്‍ സീല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയും പഠനം അടിവരയിടുന്നുണ്ട്.
നാഫ്താലിന്‍, ഫ്‌ളൂറിന്‍, ആന്ത്രാസീന്‍, ഫെനാന്ത്രീന്‍, ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നിക്കല്‍, ലെഡ്, കോപ്പര്‍, വനേഡിയം എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യവുമുണ്ട്. മുങ്ങിയ കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ച ഉണ്ടാക്കിയത് വന്‍ പാരിസ്ഥിതി ആഘാതമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
STORY HIGHLIGHT : MSC Elsa 3 shipwreck; investigation report by Ministry of Earth Sciences out now
















